ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെ ഉറവിട രാജ്യം ഏതാണെന്ന് വ്യക്തമാക്കാന്‍ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കണമെന്ന വാദം ശക്തമായതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ തീരുമാനം.
നിലവില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഉല്‍പന്നങ്ങില്‍ ഒക്ടോബര്‍ ഒന്ന് മുതലും പുതിയ ഉല്‍പന്നങ്ങളില്‍ ഓഗസ്റ്റ് ഒന്ന് മുതലും ഉറവിട രാജ്യം രേഖപ്പെടുത്താനാണ് നിര്‍ദേശം. കസേര, ബക്കറ്റ് പോലുള്ള ഉല്‍പനങ്ങള്‍ വാങ്ങുമ്പോള്‍ ഏത് രാജ്യത്ത് ഉല്‍പാദിപ്പിച്ചതാണ് എന്ന് അറിയാറില്ല. എന്നാല്‍ ഇതറിയണമെന്നും നിയമം കൂടുതല്‍ കര്‍ശനമാക്കമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
കേന്ദ്ര വ്യാവസായിക മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ആമസോൺ, ഫ്ലിപ്‌കാർട്ട്, സ്നാപ്‌ഡീൽ, ലെൻസ്‌കാർട്ട്, ജിയോമാർട്ട് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം സര്‍ക്കാര്‍ നിർദ്ദേശം പാലിക്കുന്നതിന് കമ്പനികള്‍ സന്നദ്ധത അറിയിച്ചെങ്കിലും നിശ്ചയിച്ച തീയതിക്കുള്ളിൽ ഇത് നടപ്പിലാക്കുന്നത് വെല്ലുവിളിയാണെന്നും അവര്‍ വ്യക്തമാക്കി.