തിരുവനന്തപുരം: കട്ടപ്പന-തൊടുപുഴ ഡിവൈഎസ്പിമാരുടെ സര്‍ക്കുലറിനെതിരെ ഡിജിപി. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവുകള്‍ പാടില്ല. പോലീസുകാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുതിര്‍ന്ന ഉദ്യോഗസ്ഥരുടേതാണ്. ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ഡിഐജിമാരും ഐജിമാരും ശ്രദ്ധിക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചു.
പോലീസ് ഉദ്യോഗസ്ഥര്‍ അവധിയിലിരിക്കെ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഡിവൈഎസ്പിമാരുടെ സര്‍ക്കുലറില്‍ ഉള്ളത്. തൊടുപുഴ, കട്ടപ്പന ഡിവൈഎസ്പിമാരാണ് ജില്ലാ പോലീസ് മേധാവിയുടെ സര്‍ക്കുലറിന് പിന്നാലെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തരവ് ഇറക്കിയത്.
അവധിയിലോ ജോലിക്കിടയിലെ വിശ്രമത്തിലോ പോകുന്ന പോലീസുകാര്‍ കൊറോണ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. ക്വാറന്റൈനിലാകാതെ നോക്കണമെന്നും ഇങ്ങനെ വന്നാല്‍ സ്വന്തം നിലയില്‍ ചെലവ് വഹിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. ബന്ധുക്കളേയും മറ്റ് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ഇത്തരത്തില്‍ ക്വാറന്റൈനിലാകുകയോ രോഗം വരുകയോ ചെയ്താല്‍ ഇവര്‍ വകുപ്പുതല നടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.











