കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു. ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദ്, കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കൊല ചെയ്തത് ഇര്‍ഷാദാണെന്ന ഔഫിന്റെ സുഹൃത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഔഫിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് സുഹൃത്ത് റിയാസ് ആരോപിച്ചു. കുത്തേറ്റ് വീണ് കിടക്കുകയായിരുന്ന ഔഫിനെ ആശുപത്രിയില്‍ എത്തിച്ചത് റിയാസ് ആയിരുന്നു. പ്രതിചേര്‍ക്കപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദ് നിലവില്‍ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി 10.30-ഓടെയായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ കല്ലൂരാവി യൂണിറ്റംഗമായ ഔഫിനെയും സുഹൃത്തിനെയും ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും ആക്രമണത്തില്‍ കുത്തേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്ത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.