ദുബായ്: കോവിഡ് സാഹചര്യത്തില്‍ പഴുതടച്ച പ്രതിരോധ മുന്നൊരുക്കങ്ങള്‍ പാലിച്ചുകൊണ്ട് ദുബായ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഇരുപത്തിയാറാം പതിപ്പിന് തുടക്കമായി. രാജ്യത്തെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങളെ പങ്കാളികളാക്കി ദുബായ് സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ പ്രധാന ഷോപ്പിങ് ഉത്സവമാണ് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്‍.ഇ) നടത്തുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍.
ക്രിസ്മസ്, പുതുവത്സര നാളുകളിലും ഇരട്ടി ആഘോഷങ്ങള്‍ക്ക് വഴിതുറക്കുന്ന ഡി.എസ്.എഫ് ജനുവരി 30 വരെ തുടരും. വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി കോവിഡ് വിമുക്തമെന്ന ദുബായ് അഷ്വേഡ് മുദ്ര നല്‍കിയാണ് ഇത്തവണത്തെ ഡി.എസ്.എഫ്.
സമാനതകളില്ലാത്ത ഷോപ്പിങ് ഉത്സവം ഇത്തവണയും നടത്താന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ഡി.എഫ്.ആര്‍.ഇ സി.ഇ.ഒ അഹമ്മദ് അല്‍ ഖാജാ വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ വിപണനമേളയായ ഡി.എസ്.എഫ് എല്ലാ മൂല്യങ്ങളുടെയും ആഘോഷമായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഡി.എസ്.എഫിനോട് അനുബന്ധിച്ച് 355 ഓളം ഷോപ്പുകള്‍ 25 മുതല്‍ 75 ശതമാനം വരെ ഇളവുകള്‍ നല്‍കും.മോളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും വിനോദ പരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും നടക്കും. ലോകപ്രശസ്ത സംഗീതജ്ഞര്‍ അണിനിരക്കുന്ന സംഗീത വിരുന്നും, പുതു വത്സരത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളുണ്ടാവും സംഘടിപ്പിക്കും.