ദുബൈയില്‍ പുതിയ യാത്രാചട്ടം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് കോവിഡ് പരിശോധനാ സൗകര്യം ദുബൈ വിമാനത്താവളത്തില്‍ തന്നെ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. പുതിയ യാത്രാപ്രോട്ടോക്കോള്‍ നിലവില്‍ വരുന്നതിനാല്‍ വിദേശയാത്രക്ക് ഒരുങ്ങുന്ന ദുബൈ നിവാസികളില്‍ പലരും എവിടെ നിന്ന് കോവിഡ് ടെസ്റ്റ് എടുക്കും എന്ന ആശങ്കയിലായിരുന്നു.
യാത്ര ചെയ്യേണ്ട രാജ്യത്തിന് അനുസരിച്ചാണ് റാപ്പിഡ് പിസിആര്‍ ടെസ്റ്റ് ആണോ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റാണോ വേണ്ടി വരിക എന്ന് തീരുമാനിക്കുക. നിലവില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ടെസ്റ്റ് വേണ്ടിയിരുന്നില്ല. എന്നാല്‍, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് പോകാന്‍ പിസിആര്‍ ഫലം നിര്‍ബന്ധവുമാണ്.
അതേസമയം കേരളത്തിലേക്ക് പോകുന്നവര്‍ വിമാനത്താവളത്തില്‍ ടെസ്റ്റിന് വിധേയമാവണോ എന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശമൊന്നും ലഭ്യമായിട്ടില്ലെന്നാണ് വിമാന കമ്പനി അധികൃതര്‍ പറയുന്നത്. ദുബൈ വിമാനത്താവളത്തില്‍ റാപിഡ് പരിശോധന ലഭ്യമായിരിക്കും എന്നാണ് വിമാനകമ്പനികള്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്. നാട്ടില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനിടയിലെടുത്ത പിസിആര്‍ പരിശോധനാ ഫലവും നിര്‍ബന്ധമാണ്.











