ദുബായ്: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബായിയില്‍ പുതിയ ക്വാറന്റൈന്‍ നിയമം നിലവില്‍ വന്നു. കോവിഡ് രോഗിയുമായി സമ്പര്‍ക്കമുളള സന്ദര്‍ശകരും താമസക്കാരും അവരുടെ പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ പോലും പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ ഇരിക്കണമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. അതുപോലെ കോവിഡ് രോഗികളുമായി രണ്ട് മീറ്റര്‍ അകലത്തില്‍ കഴിഞ്ഞതും അവരുമായി 15 മിനിറ്റില്‍ കൂടുതല്‍ ചെലവഴിച്ചതും സമ്പര്‍ക്കമായി കണക്കാക്കണം. കോവിഡിന്റെ ലക്ഷണമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ നേരിടുന്നവരും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ രോഗം തിരിച്ചറിയുന്നതിന് രണ്ട് ദിവസം മുമ്പും തിരിച്ചറിഞ്ഞതിന് ശേഷം 14 ദിവസവും അവരുമായി സമ്പര്‍ക്കമുണ്ടെങ്കില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായിരിക്കും. അതേസമയം 14 ദിവസം ആയിരുന്ന സമ്പര്‍ക്ക ക്വാറന്റൈന്‍ കാലളവ് 10 ദിവസമായി കുറച്ചിരിക്കുകയാണ്. പോസിറ്റീവ് ആയതിനു ശേഷം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികള്‍ക്കും മരുന്നുകളുടെ സഹായമില്ലാതെ സുഖം പ്രാപിച്ചവര്‍ക്കും പുതിയ ഈ ക്വാറന്റൈന്‍ കാലാവധി ബാധകമാണമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. നേരത്തെ യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓരോ 14 ദിവസം കൂടുതോറും പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.