വാഷിംഗ്ടണ്‍: കോവിഡ് പോരാട്ടത്തില്‍ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്ക മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യക്ക് പാളിച്ചകള്‍ സംഭവിച്ചെന്നും ചൈന ഒരു വലിയ പൊട്ടിത്തെറിയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡിനെതിരെ മികച്ച പ്രവര്‍ത്തനങ്ങള്‍ അമേരിക്ക ചെയ്യുന്നുണ്ടെന്നും വൈറസിനെതിരെ മറ്റേതൊരു രാജ്യം പ്രവര്‍ത്തിച്ചതിനേക്കാളും രാജ്യം മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നാണ് തനിക്ക് തോന്നുന്നതെന്ന് ട്രംപ് പറഞ്ഞു. നിങ്ങളൊന്ന് ശരിയ്ക്ക് വിലയിരുത്തി നോക്കിയാള്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇന്ന് മാത്രം 52,050 കോവിഡ് സ്ഥിരീകരിച്ചതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത് അമേരിക്കയിലാണ്. 4.7 ദശലക്ഷത്തിലധികം കോവിഡ് കേസുകളും 155,000 ത്തിലധികം കോവിഡ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.
അതേസമയം, രാജ്യത്ത് 60 ദശലക്ഷത്തിലധികം ആളുകളില്‍ കോവിഡ് പരിശോധന നടത്തിയെന്നും ഇതുവരെ മറ്റൊരു രാജ്യവും ഇത്രയുമധികം പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇപ്പോള്‍ 15 മിനിറ്റ് മുതല്‍ 20 മിനിറ്റിനുളളില്‍ ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍പ്പരം ആരും നന്നായി പ്രവര്‍ത്തിക്കുന്നില്ലെന്നും തങ്ങളാണ് മികച്ച പ്രവര്‍ത്തനം നടത്തുന്നതെന്നും ട്രംപ് പറഞ്ഞു.