വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് ഏജൻസിയായി മാറുകയാണ് സമൂഹമാധ്യമങ്ങൾ. യുഎഇയിൽ ഗാർഹിക ജോലിക്കാർക്ക് വീസ നൽകുന്നത് നിർത്തിവച്ചതിനെ തുടർന്നാണിത്.
കോവിഡ് പശ്ചാത്തലത്തിൽ വീട്ടുജോലിക്കാരിൽ പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്കു മടങ്ങാനാവാത്തതിനാൽ ഇവർ ജോലി അന്വേഷിച്ച് സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നു.ഓരോരുത്തരുടെയും ചിത്രവും വ്യക്തിവിവരങ്ങളും വച്ചാണ് ചില അക്കൗണ്ടുകളിലൂടെ പരസ്യങ്ങൾ. അറബിക് സംസാരിക്കാനുള്ള കഴിവ്, പാചക വൈദഗ്ധ്യം എന്നിവയെല്ലാം വിവരിക്കുന്നു. ഒരു ജോലിക്കാരിയെ കൊണ്ടുവരാൻ സ്പോൺസർക്ക് 20,000 ദിർഹം വരെ ചെലവുണ്ട്. 15,000 ദിർഹം റിക്രൂട്ടിങ് ഏജൻസിക്ക് നൽകണം. അനുബന്ധ ചെലവുകൾ വേറെയും.ഇങ്ങനെയെത്തുന്ന ജോലിക്കാർക്ക് തൊഴിൽ പരിചയം ഉണ്ടാകണമെന്നില്ല. അതുകൊണ്ട് പരിചയസമ്പന്നരായ ജോലിക്കാരെ കുടുംബങ്ങൾ പരസ്പരം കൈമാറുന്നു. തൊഴിലാളികൾക്കും ഇതു നേട്ടമാണ്. വീസ മാറണമെങ്കിലും കാലതാമസമില്ല. ചെലവും കുറയും. മാർച്ച് 17 നാണ് ഗാർഹിക വീസ നൽകുന്നത് യുഎഇ ഫെഡറൽ അതോറിറ്റി നിർത്തിവച്ചത്.












