തിരുവനന്തപുരം നഗരസഭയിൽ ബിജെപി കൗൺസിലർമാർക്കിടയിൽ ഭിന്നത. ഭരണ പക്ഷത്തിനെതിരായ നീക്കങ്ങളിൽ പോലും കൗൺസിലർമാർ ഗ്രൂപ്പ് കളിച്ച് മാറി നിൽക്കുന്നത് ജില്ലാ നേതൃത്വത്തിന് തലവേദനയാകുന്നു. നഗരസഭയുടെ അവസാന കൗൺസിൽ യോഗം കൗൺസിൽ ഹാളിൽ തന്നെ നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാൽ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സൂം മീറ്റിങ് മതിയെന്ന് സർക്കാർ ഉത്തരവുണ്ട്. ഇതനുസരിച്ചേ അവസാന കൗൺസിൽ യോഗം വിളിക്കാനാകൂ എന്ന് മേയർ അറിയിപ്പ് നൽകി.
മേയറുടെ നടപടിക്കെതിരേ പ്രതിഷേധിക്കാൻ ബിജെപി തീരുമാനിച്ചിരുന്നു. ശനിയാഴ്ച എല്ലാ കൗൺസിലർമാരും ചേർന്ന് മേയർക്ക് പരാതി നൽകണമെന്ന് ജില്ലാ നേതൃത്വം നിർദേശം നൽകിയിരുന്നു. എന്നാൽ ബി ജെ പി കക്ഷി നേതാവ് M.R ഗോപന്റെ ഗ്രൂപ്പ് വിട്ടുനിന്നു. വലിയവിള ഗിരി, തിരുമല അനിൽ, പാപ്പനംകോട് ആശാനാഥ്, ആറ്റുകാൽ ബീന തുടങ്ങി ആർ എസ് എസിനെ അനുസരിക്കുന്ന പത്ത് കൗൺസിലർമാരേ പങ്കെടുത്തുള്ളു.
ഗിരിയും M R ഗോപനും തമ്മിൽ തുടക്കം മുതലേ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. തുടർന്നാണ് ഗിരിയെ മാറ്റി ഗോപനെ ബി ജെ പി കക്ഷി നേതാവാക്കിയത്. ഇതിനെതിരേ ആർ എസ് എസിന് കടുത്തഎതിർപ്പുണ്ടായിരുന്നു. ബിജെപിയുടെ പാൽക്കുളങ്ങര വാർഡ് കൗൺസിലർ വിജയകുമാരി അടുത്തിടെ പാർട്ടി വിട്ട് സി പി ഐ എമ്മിൽ ചേർന്നതിനും ഉൾപ്പാർട്ടിപ്പോരാണ് കാരണം. കൂടുതൽ കൗൺസിലർമാർ ബി ജെ പി വിട്ട് തങ്ങളോടൊപ്പം ചേരുമെന്ന് സി പി ഐ എം നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

















