ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അവകാശ പോരാട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ച് സംഘര്‍ഷഭരിതമാകുന്നു. അതിനിടെ നഗരത്തിലേക്ക് പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ഇവര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്നും പുറത്തുനിന്നും വന്നവരാണ് ഇവരെന്നും സംയുക്ത സമിതി അറിയിച്ചു.
ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നീ സംഘടനകളാണ് വിലക്ക് ലംഘിച്ചത്. ഇവര്‍ക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്നും കര്‍ഷക നേതാക്കള്‍ വിശദീകരിച്ചു. നേരത്തെ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും സംയുക്ത സമരസമിതി വ്യക്തമാക്കി.
അതേസമയം, ഡല്‍ഹിയില്‍ പലയിടത്തും സംഘര്‍ഷം തുടരുകയാണ്. ട്രാക്ടറുകള്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ മറികടന്നെത്തിയ കര്‍ഷകര്‍ ഇപ്പോള്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഒരു സംഘം കര്‍ഷകര്‍ ചെങ്കോട്ടക്ക് മുകളിലും കയറിയിട്ടുണ്ട്.