തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണ സംഘത്തിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആറ് സൂപ്രണ്ടുമാരെയും 2 ഇന്‍സ്‌പെക്ടര്‍മാരെയും സ്ഥലം മാറ്റാനാണ് തീരുമാനം. സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവിലെത്തിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ കസ്റ്റംസിലേക്ക് തിരിച്ചുവിളിച്ചത്.
ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞതിനാലാണ് ഉദ്യോഗസ്ഥരെ മാറ്റിയത് എന്നാണ് വിശദീകരണം. അതേസമയം പ്രിവിന്റീവ് വിഭാഗം നടപടിയില്‍ അതൃപ്തി അറിയിച്ചതായാണ് സൂചന. കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് എട്ട് ഉദ്യോഗസ്ഥരെ വിവിധ യൂണിറ്റുകളിലേക്കു മാറ്റിയിട്ടുള്ളത്.
അന്വേഷണ സംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണ് സൂചന. പ്രിവിന്റീവ് വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥലംമാറ്റല്‍ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചെങ്കിലും പിന്‍വലിച്ചിട്ടില്ല.