കുവൈത്തിന്റെ പുതിയ ഭരണാധികാരിയായി ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്സ്വബാഹിനെ തെരഞ്ഞെടുത്തു. ചൊവാഴ്ച ചേര്‍ന്ന അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ കുവൈത്തിന്റെ പതിനാറാമത് അമീര്‍ ആയി തെരഞ്ഞെടുത്തത്.
ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഭരണഘടനാപരമായ ചില അധികാരങ്ങള്‍ അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്ല അഹ്മദ് അസ്സ്വബാഹ് കിരീടാവകാശിക്ക് കൈമാറിയിരുന്നു. അമീറിന്‍റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ച ഉടന്‍ മന്ത്രിസഭ പ്രത്യേകയോഗം ചേര്‍ന്ന് ഭരണസാരഥ്യം ഏറ്റെടുക്കാന്‍ ഷെയ്ഖ് നവാഫിനോട് ആവശ്യപ്പെടുകയായിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സ്വാലിഹ് ദേശീയ ടെലിവിഷന്‍ ചാനലിലൂടെയാണ് പുതിയ അമീറിനെ തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്.
1962ല്‍ ഹവല്ലി ഗവര്‍ണറായി ഔദ്യോഗിക ജീവിതമാരംഭിച്ച ശൈഖ് നവാഫ് 78ലും പിന്നീട് 86 -88 കാലത്തും ആഭ്യന്തര മന്ത്രിയായി. 88ലും 90ലും പ്രതിരോധമന്ത്രിയായും സേവനമനുഷ്ഠിച്ചു. 91ല്‍ തൊഴില്‍ -സാമൂഹിക മന്ത്രാലയത്തിന്റെ ചുതമല വഹിച്ച അദ്ദേഹം 94ല്‍ നാഷനല്‍ ഗാര്‍ഡ് മേധാവിയായി. 2003ല്‍ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് 2006ല്‍ കിരീടാവകാശിയായി നിയോഗിക്കപ്പെട്ടത്. പതിനാല് വര്‍ഷക്കാലം ഭരണ നിര്‍വഹണത്തില്‍ കുവൈത്ത് അമീറിന്റെ നിഴലായി വര്‍ത്തിച്ച പിന്‍ഗാമിക്ക് ഷെയ്ഖ് സബാഹ് ബാക്കി വെച്ച വികസനസ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് രാജ്യം.