ഡൽഹി: രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും പടർന്നു കയറുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോൾ രാജ്യതലസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണം. മുൻവർഷങ്ങളേക്കാൾ ഇരട്ടിയിലേറെ ക്രിമിനൽ കേസുകളാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ മാത്രം കഴിഞ്ഞ രണ്ടുമാസം റിപ്പോർട്ട് ചെയ്തത്. ഇതിൽ പിടിക്കപ്പെട്ട പല കുറ്റവാളികളും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരാണ് എന്നുള്ളത് എടുത്തുപറയേണ്ട ഒന്നാണ്.
ഇക്കഴിഞ്ഞ ദിവസം സ്വന്തം സഹോദരന്റെ കുഞ്ഞിനെ തട്ടിയെടുത്ത് മോചന ദ്രവ്യമാവശ്യപ്പെടാൻ ശ്രമിച്ച വ്യക്തിയെയും കൂട്ടാളികളേയും ഡൽഹിയിൽ പീതംപുരയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് സമാനമായ ഒട്ടേറെ കേസുകൾ ഡൽഹിയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. സൈക്കിൾ മോഷണം, മൊബൈൽ മോഷണം, പിടിച്ചുപറി തുടങ്ങി ആയിരക്കണക്കിന് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.