മന്ത്രി കെടി ജലീലിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. കെടി ജലീല്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് കാനം പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം വന്നിട്ടും അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചിരുന്നില്ല. തോമസ് ചാണ്ടിയും മറ്റും രാജിവച്ചത് കോടതി പരാമര്‍ശത്തിന്റെ പേരിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ കെടി ജലീലിന് പൂര്‍ണ്ണ പിന്തുണയുമായി വീണ്ടും സിപിഎം രംഗത്തെത്തി. മന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ മാസ്റ്ററും എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവനും പറഞ്ഞു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്നേയുള്ളൂ, കേസ് വന്നാല്‍ പോലും രാജിവയ്‌ക്കേണ്ടതില്ലെന്നായിരുന്നു എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം.
ഇത് സാങ്കേതികം മാത്രമാണ്. ജലീലും മുഖ്യമന്ത്രിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭയപ്പെടാന്‍ ഉള്ള യാതൊരു കാര്യവും ഇല്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് അന്വേഷണം പോകേണ്ടത് വിദേശകാര്യ സഹമന്ത്രി വി മുരളീധരനിലേക്കും ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരിലേക്കുമാണെന്നും അദ്ദേഹം പറഞ്ഞു.