കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉടന്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ആരോഗ്യ മന്ത്രാലയം. അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ ഫൈസറില്‍നിന്നുള്ള 10 ലക്ഷം വാക്സിനുകളാണ് അടുത്ത മാസത്തോടെ കുവൈത്തിലെത്തുക. വാക്സിന്റെ പരീക്ഷണഘട്ടം പൂര്‍ത്തിയായശേഷം ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചാലുടന്‍ വാക്‌സിന്‍ കുവൈത്തില്‍ എത്തും.
മൈനസ് 80 ഡിഗ്രീ സെല്‍ഷ്യസ് താപനിലയിലാണു വാക്സിന്‍ സൂക്ഷിക്കപ്പെടേണ്ടത്. പ്രത്യേക ശീതീകരണ സംവിധാനം ഘടിപ്പിച്ച വിമാനത്തിലാണു വാക്സിന്‍ എത്തിക്കുക. ഇതേ നിലയിലുള്ള സംഭരണകേന്ദ്രങ്ങളും രാജ്യത്ത് തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമായവര്‍, ദീര്‍ഘകാല രോഗികള്‍ തുടങ്ങിയവരിലാണ് ആദ്യഘട്ടത്തില്‍ കുത്തിവയ്പ്പ് നടത്തുക. എന്നാല്‍, കുത്തിവയ്പ്പ് നടത്തുന്നതിന് ആരിലും നിര്‍ബന്ധം ചെലുത്തില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പ്രതിരോധ വാക്സിനെത്തിയ ശേഷം ആദ്യ കുത്തിവയ്പ്പ് നടത്തുക ആരോഗ്യമന്ത്രി ഡോ.ബാസില്‍ അല്‍ സബാഹിന്റെ ശരീരത്തിലായിരിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് ദിനപത്രം റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ ഓരോ പൗരന്‍മാരും സമൂഹങ്ങളും വാക്സിന് വിധേയരാവുന്നതിന്റെ ആവശ്യകതയെക്കുറിച്ചും വാക്സിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും നല്‍കുന്ന സന്ദേശമായിരിക്കും മന്ത്രിയുടെ ഈ നടപടിയെന്ന് പത്രം അഭിപ്രായപ്പെടുന്നു.