ഒമിക്രോണ്‍ വ്യാപനത്തിന്റെ ഭീഷണി ഒഴിയുന്നതായി സൂചന. പ്രതിദിന കേസുകളില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി രണ്ട് മാസത്തിനു ശേഷം ഇതാദ്യമായാണ് ആയിരത്തില്‍ താഴെ എത്തുന്നത്.
ദുബായ് : ജനുവരി ആദ്യവാരത്തോടെ ഉയര്‍ന്നു വന്ന പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി യുഎഇയിലെ പിസിആര്‍ ടെസ്റ്റ് പരിശോധന ഫലങ്ങള്‍.
ശനിയാഴ്ച 790 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 873,882 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും റിപ്പോര്ട്ട് ചെയ്തതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,293 ആയി. പുതിയ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 2064 പേര്‍ക്ക് കോവിഡ് രോഗം ഭേദപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 388,495 പേര്‍ കഴിഞ്ഞ ദിവസം പിസിആര്‍ ടെസ്റ്റിന് വിധേയരായി.
2021 ഡിസംബര്‍ 10 ന് 56 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് നിരക്ക്. ഡിസംബര്‍ പതിനാലിനു ശേഷം ഇത് ക്രമേണ കൂടുകയായിരുന്നു. പ്രതിദിന കേസുകളുടെ എണ്ണം നൂറായി ഉയര്‍ന്നതിനു ശേഷം പത്തു ദിവസത്തിനുള്ളില്‍ തന്നെ ഇത് ആയിരമായി ഉയരുകയായിരുന്നു.
2021 ഡിസംബര്‍ പതിനാലിനു ശേഷം ഈ ഫെബ്രുവരി 18 നാണ് ആദ്യമായി പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെ എത്തുന്നത്.