English മലയാളം

Blog

economy

കെ.അരവിന്ദ്‌

യുഎസിന്റെ ചരിത്രത്തില്‍ അടുത്ത കാലത്തൊന്നും ഡൊണാള്‍ഡ്‌ ട്രംപിനെ പോലെ രാജ്യത്തിന്‌ അകത്തും പുറത്തും നിന്ന്‌ ഇത്രയേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന മറ്റൊരു പ്രസിഡന്റ്‌ ഉണ്ടായിട്ടില്ല. ഒരു പക്ഷേ യുദ്ധക്കൊതിയന്‍മാരായിരുന്ന റൊണാള്‍ഡ്‌ റീഗനോ ജോര്‍ജ്‌ ബുഷിനോ പോലും ഇത്രയേറെ വിമര്‍ശനവും പരിഹാസവും നേരിടേണ്ടി വന്നിട്ടുണ്ടാകില്ല. സ്വന്തം രാജ്യത്തു നിന്ന്‌ തന്നെ ട്രംപ്‌ മാധ്യമ വിചാരണയ്‌ക്കും ഉദ്യോഗസ്ഥ തലത്തിലുള്ള എതിര്‍പ്പും നേരിടുന്നു. ലോകത്തിന്‌ മുമ്പില്‍ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ രാജ്യത്തിന്റെ ഭരണാധികാരി വെറുക്കപ്പെട്ടവനായാണ്‌ ചിത്രീകരിക്കപ്പെടുന്നത്‌. ഇങ്ങനെയൊക്കെയാണെങ്കിലും ഓഹരി വിപണിക്ക്‌ ട്രംപ്‌ പ്രിയപ്പെട്ടവനാണ്‌. കാരണം ഓഹരി വിപണിക്ക്‌ പ്രിയംതരമായ കാര്യങ്ങള്‍ മാത്രമാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷകാലത്തെ ഭരണത്തിനിടെ ട്രംപ്‌ ചെയ്‌തിട്ടുള്ളത്‌.

ട്രംപിന്‌ മുമ്പുണ്ടായിരുന്ന പ്രസിഡന്റ്‌ ബരാക്‌ ഒബാമ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ട സമയത്ത്‌ ഓഹരി വിപണി ഇടിയുകയാണ്‌ ചെയ്‌തത്‌. അതേ സമയം ട്രംപ്‌ വീണ്ടും അധികാരത്തിലെത്തണമെന്നാണ്‌ വിപണി ആഗ്രഹിക്കുന്നത്‌. ട്രംപിന്റേതു പോലെ വിപണിക്ക്‌ അനുകൂലമായ സമീപനം ഡൊമോക്രാറ്റിക്‌ പാര്‍ട്ടി നേതാവ്‌ സ്വീകരിക്കില്ല എന്നതു തന്നെ കാരണം.

സാമ്പത്തിക മാന്ദ്യത്തെ നേരിടാനായി കോര്‍പ്പറേറ്റ്‌ നികുതി വെട്ടിക്കുറയ്‌ക്കുക എന്ന രീതി തുടങ്ങിയത്‌ ട്രംപ്‌ ആണ്‌. 25 ശതമാനത്തില്‍ നിന്നും 15 ശതമാനമായാണ്‌ യുഎസിലെ കോര്‍പ്പറേറ്റ്‌ നികുതി കുറച്ചത്‌. അതുവഴി കമ്പനികള്‍ക്ക്‌ കൈവന്ന മിച്ചധനം പല വഴികളിലൂടെ വിപണിയിലേക്ക്‌ തന്നെയാണ്‌ തിരികെ എത്തിയത്‌. കമ്പനികളുടെ മൂലധന ചെലവ്‌ വര്‍ധിപ്പിക്കാന്‍ വഴിയൊരുങ്ങിയതോടെ അത്‌ ബിസിനസുകള്‍ വിപുലമാകുന്നതിനും തൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ധിക്കുന്നതിനും കാരണമായി. യുഎസില്‍ കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ 50 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്‌മാ നിരക്കാണ്‌ രേഖപ്പെടുത്തിയത്‌. ഇതെല്ലാം ട്രംപ്‌ ഭരണകാലത്ത്‌ യുഎസ്‌ ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക്‌ കുതിച്ചു കയറാന്‍ കാരണമായി. കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസ്‌ ഓഹരി സൂചികകളായ ഡോ ജോണ്‍സും നാസ്‌ഡാകും എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. കോവിഡ്‌ സൃഷ്‌ടിച്ച ആശങ്കയെ തുടര്‍ന്ന്‌ മാര്‍ച്ചില്‍ വിപണി ശക്തമായ ഇടിവ്‌ നേരിട്ടെങ്കിലും വീണ്ടും കുതിച്ചു കയറുകയും ഫെബ്രുവരിയിലെ റെക്കോഡ്‌ നിലവാരം കഴിഞ്ഞ മാസം മറികടക്കുകയും ചെയ്‌തു.

Also read:  രാജ്യത്ത് കോവിഡ് രോഗമുക്തരായവരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു

കോവിഡ്‌ ലോകത്തെ പിടിച്ചുകുലുക്കുന്നതിന്‌ മുമ്പ്‌ ട്രംപിനു വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പ്‌ ജയത്തിനു വേണ്ട ജനപ്രീതിയുണ്ടെന്ന കാര്യത്തില്‍ വലിയ സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ കോവിഡിനെ കൈകാര്യം ചെയ്‌ത രീതി ട്രംപിന്റെ ജനപിന്തുണയില്‍ കാര്യമായ കോട്ടം സൃഷ്‌ടിച്ചു. യുഎസിലെ കോവിഡ്‌ രോഗികളുടെ എണ്ണത്തിലെ വര്‍ധന ആവശ്യമായ സമയത്ത്‌ ലോക്ക്‌ ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ട്രംപ്‌ തയാറാകാതിരുന്നതു കൊണ്ടാണെന്ന വിമര്‍ശനം ശക്തമാണ്‌.

ട്രംപ്‌ ഭരണകാലത്തെ നേട്ടങ്ങളെല്ലാം കോവിഡിന്റെ വരവില്‍ ഒലിച്ചുപോയി. തൊഴിലില്ലായ്‌മാ നിരക്ക്‌ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 20 ശതമാനത്തിലേക്കാണ്‌ ഏപ്രിലില്‍ കുതിച്ചുയര്‍ന്നത്‌. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ യുഎസിന്റെ ജിഡിപി ശക്തമായ തളര്‍ച്ച നേരിടുകയും ചെയ്‌തു. യുഎസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്‌ ഫ്‌ളോയ്‌ഡ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധവും ട്രംപിന്റെ ജനപിന്തുണ സാരമായി കുറയുന്നതിന്‌ കാരണമായി. പ്രതിഷേധക്കാര്‍ക്കെതിരെ ട്രംപ്‌ ഉപയോഗിച്ച പ്രകോപനപരമായ വാക്കുകള്‍ പ്രക്ഷോഭത്തിന്‌ ശക്തി കൂട്ടുകയാണ്‌ ചെയ്‌തത്‌.

Also read:  എച്ച്‌ 1 ബി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ അമേരിക്ക

അതേ സമയം ട്രംപ്‌ ഭരണകൂടം സ്വീകരിച്ച നടപടികള്‍ തൊഴിലില്ലായ്‌മാ നിരക്ക്‌ ഒരു മാസം കൊണ്ട്‌ ഗണ്യമായി കുറച്ചുകൊണ്ടു വരാന്‍ സഹായകമാകുകയും ചെയ്‌തു. ഏപ്രിലില്‍ 20 ശതമാനമായിരുന്ന തൊഴിലില്ലായ്‌മാ നിരക്ക്‌ പിന്നീടുള്ള മാസങ്ങളില്‍ കുറഞ്ഞു വന്നു. ഓഗസ്റ്റില്‍ 8.4 ശതമാനമാണ്‌ തൊഴിലില്ലായ്‌മാ നിരക്ക്‌. ഇത്‌ ഊതിപെരുപ്പിച്ച കണക്കാണെന്നും യഥാര്‍ത്ഥ നിരക്ക്‌ 11 ശതമാനമെങ്കിലും ആയിരിക്കാമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടികാണിക്കുന്നുണ്ട്‌. എങ്കിലും ഏപ്രിലിലെ സ്ഥിതിയില്‍ നിന്നും പുരോഗതി ഉണ്ടായിട്ടുണ്ടെന്ന്‌ വ്യക്തം. കമ്പനികള്‍ക്ക്‌ കൊടുത്ത വായ്‌പ ശമ്പള ഇനത്തിലും തൊഴില്‍ സൃഷ്‌ടിക്കുമായി ഉപയോഗിച്ചാല്‍ എഴുതിതള്ളുമെന്ന വ്യവസ്ഥയാണ്‌ ഈ മാറ്റത്തിന്‌ കാരണം. ട്രംപ്‌ തുടര്‍ന്നാല്‍ വീണ്ടും സമ്പദ്‌വ്യവസ്ഥ മികച്ച നിലയിലേക്ക്‌ തിരിച്ചെത്തുമെന്നാണ്‌ ഓഹരി വിപണി പ്രതീക്ഷിക്കുന്നത്‌.

ഡെമോക്രാറ്റിക്‌ നേതാവ്‌ ജോ ബൈഡന്‍ അധികാരത്തില്‍ വന്നാല്‍ നികുതി ഉള്‍പ്പെടെയുള്ള നയങ്ങളില്‍ കാതലായ മാറ്റമുണ്ടാകും. കോര്‍പ്പറേറ്റ്‌ നികുതി വെട്ടിക്കുറച്ച ട്രംപിന്റെ നയത്തോട്‌ വിരുദ്ധമായ സമീപനമാണ്‌ ഡെമോക്രാറ്റുകളുടേത്‌. അതിസമ്പന്നര്‍ക്ക്‌ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തണമെന്ന നയമാണ്‌ അവര്‍ പിന്തുടരുന്നത്‌. സ്വാഭാവികമായും ഈ നയത്തെ ഓഹരി വിപണി ഇഷ്‌ടപ്പെടുന്നില്ല. വാറന്‍ ബഫറ്റിനെയും ബില്‍ ഗേറ്റ്‌സിനെയും മാര്‍ക്‌ സുക്കര്‍ബര്‍ഗിനെയും പോലുള്ള കോര്‍പ്പറേറ്റ്‌ തലവന്‍മാര്‍ പോലും ഈ നയത്തെ പിന്തുണക്കുന്നവരാണെങ്കിലും ഓഹരി വിപണിക്ക്‌ പഥ്യം കോര്‍പ്പറേറ്റുകളുടെ വരുമാനം വര്‍ധിപ്പിക്കുന്ന നികുതി നയമാണ്‌. അതുകൊണ്ടുതന്നെ ജോ ബൈഡന്‍ വിജയിക്കുകയാണെങ്കില്‍ ഓഹരി വിപണി തിരുത്തല്‍ നേരിടാനാണ്‌ സാധ്യത.

Also read:  ഇത്തവണ ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകരെ അയക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി

കോവിഡ്‌ പ്രതിസന്ധിയെ നേരിടാനായി ട്രംപ്‌ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ്‌ അതീവമായ ധനലഭ്യതയാണ്‌ വിപണിയില്‍ സൃഷ്‌ടിച്ചത്‌. ഈ ഘടകമാണ്‌ ഓഹരി വിപണിയുടെ അടിസ്ഥാന ഘടകങ്ങളെ കാര്യമാക്കാതെയുള്ള കുതിപ്പിന്‌ പിന്നില്‍. അതേ സമയം ഒക്‌ടോബറോടെ യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച അനിശ്ചിതത്വം വിപണിയില്‍ പ്രതിഫലിക്കുമെന്നാണ്‌ കരുതേണ്ടത്‌. ലിക്വിഡിറ്റി എന്ന ഘടകത്തെ മാത്രം ആശ്രയിച്ച്‌ വിപണണിക്ക്‌ അധികനാള്‍ മുന്നോട്ടുപോകാനാകില്ല. അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ വിപണി അഭിമുഖീകരിച്ചേ തീരൂ. അതിന്‌ ഇനിയും എത്ര സമയമെടുക്കും എന്നത്‌ മാത്രമാണ്‌ ചോദ്യം.

അധികാരം നിലനിര്‍ത്താന്‍ ട്രംപ്‌ പല തന്ത്രങ്ങളും പയറ്റിയേക്കും. മറ്റൊരു സാമ്പത്തിക ഉത്തേജക പാക്കേജ്‌ കൂടി പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്‌. അത്‌ സംഭവിച്ചാല്‍ വിപണി ഒരു കുതിപ്പ്‌ കൂടി നടത്തിയേക്കാം. പക്ഷേ തിരഞ്ഞെടുപ്പിന്‌ മുമ്പത്തെ അനിശ്ചിതത്വം മുന്‍നിര്‍ത്തിയുള്ള ചാഞ്ചാട്ടം എന്നത്‌ ഒഴിച്ചുകൂടാനാകാത്തതാണ്‌. നവംബറിന്‌ മുമ്പായി തന്നെ അത്‌ പ്രതീക്ഷിക്കാം.