കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ആശങ്ക ഉയരുകയാണ്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഹൗസ് സര്‍ജനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. ഡോക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ ഉടന്‍ നിരീക്ഷണത്തിലാക്കും. ഡോക്ടറുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ ആശുപത്രിയിലെ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെഫ്രോളജി വിഭാഗം അടച്ചിരുന്നു. ഇതേ തുടര്‍ന്ന് നഴ്‌സുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരുമുള്‍പ്പെടെ 24 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഒപി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നത് ആരോഗ്യമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതോടെ മെഡിക്കല്‍ കോളേജുകളില്‍ മറ്റു രോഗങ്ങള്‍ക്കായി ചികിത്സ തേടുന്നവരുടെ കാര്യം പ്രതിസന്ധിയ്ക്കിടയാകാനാണ് സാധ്യത.