Web Desk
തിരുവനന്തപുരം: കോവിഡ് പേടിയില്‍ ഗര്‍ഭിണിയായ പ്രവാസി യുവതിയെ നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. അച്ഛനെയും മക്കളെയും വാടക വീട്ടില്‍ നിന്ന് വീട്ടുടമ ഇറക്കിവിട്ട സംഭവവും അന്വേഷിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാഗം റഹിം സമർപ്പിച്ച പരാതികളില്‍ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വലിയതുറയിലെ വാടക വീട്ടിൽ നിന്നും കൊല്ലം സ്വദേശിയായ അച്ഛനെയും മക്കളെയും വീട്ടുടമ ഇറക്കിവിട്ടതിനെ കുറിച്ച് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കണം. ഫോർട്ട് സ്കൂളിൽ അഭയം തേടിയ ഇവരെ പിന്നീട് സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.
ഗൾഫിൽ നിന്ന് വീട്ടിലെത്തി ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശി ആശയെ നാട്ടുകാർ ഭീഷണിപ്പെടുത്തിയ സംഭവം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.