ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ 8,229,322 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് വേള്‍ഡോ മീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 24 മണിക്കൂറിനിടെ 45,230 പേര്‍ക്കാണ് വൈറസ് ബാധയേറ്റത്.
കോവിഡില്‍ നിന്ന് രോഗമുക്തി നേടിയവര്‍ 75 ലക്ഷം കടന്നു. ഇന്നലെ മാത്രം 53,285 പേര്‍ വൈറസില്‍ നിന്ന് മുക്തരായതോടെ ആകെ രോഗമുക്തര്‍ 7,544,798 ആയി. 24 മണിക്കൂറിനിടെ 496 പേരാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് കോവിഡിന് കീഴടങ്ങിയവരുടെ ആകെ എണ്ണം 122,642 ആയി. കണക്കുകള്‍ പ്രകാരം 5,61,882 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.
അതേസമയം ശൈത്യവും അന്തരീക്ഷ മലിനീകരണവും ഉത്സവ സീസണും രാജ്യതലസ്ഥാനത്തെ സാഹചര്യം സങ്കീര്‍ണമാക്കുകയാണ്. ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രാലയം ഇന്ന് യോഗം ചേരും.












