മലപ്പുറം: തിരൂർ പുറത്തൂരിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് മരിച്ച തിരൂർ പുറത്തൂർ സ്വദേശി അബ്ദുല്‍ ഖാദറിന്റെ കുടുംബത്തിലെ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചു. മരിച്ചയാളുടെ മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ എന്നിവരാണു രോഗബാധിതർ.
ബെംഗളൂരുവിൽ നിന്നു കുടുംബസമേതം നാട്ടിൽ തിരിച്ചെത്തിയ അബ്ദുൽ ഖാദർ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ 14നാണ് മരിച്ചത്. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച 10 പേരിൽ നാലു പേർ പുറത്തൂരിലും ആറുപേർ തിരൂരിലും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.
അതിനിടെ, വിദേശത്തുനിന്നെത്തിയശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ചങ്ങരംകുളം നന്നംമുക്ക് സ്വദേശി അബൂബക്കർ മരിച്ചു (55). മൃതദേഹം കോവിഡ് പരിശോധനകൾക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി.











