സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ തദ്ദേശഭരണ പ്രദേശങ്ങളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റെറുകൾ ആരംഭിക്കും. പൊതുജന ആരോഗ്യ സംവിധാനത്തിന്റെ മേലുള്ള ഭാരം കുറയ്ക്കുന്നതിനു ഇതിലൂടെ കഴിയും. കോവിഡ് രോഗബാധ ഗുരുതരമല്ലാത്തയാളുകൾക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഇത്തരം സെന്ററുകൾ ആരംഭിക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്തരം സെന്‍റെറുകൾ ആരംഭിക്കുക.
അടഞ്ഞു കിടക്കുന്ന/ വിട്ടു നൽകിയിട്ടുള്ള ആശുപത്രികൾ, പരിശീലന കേന്ദ്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ഓഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ ,മത,സാമുദായിക സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയെല്ലാമാണ് സെന്റർ ആരംഭിക്കുന്നതിനായി തിരഞ്ഞെടുക്കുക. ഇപ്രകാരം ആരംഭിക്കുന്ന സെന്ററുകളുടെ ചുമതല അതാത് തദ്ദേശഭരണ സ്ഥാപനത്തിന്റെ പരിധിയിലുള്ള ആരോഗ്യ കേന്ദ്രത്തിലെ/ആശുപത്രികളിലെ മെഡിക്കൽ ഓഫീസർക്കായിരിക്കും. ആരോഗ്യ വകുപ്പായിരിക്കും ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്നത്.
ഇവിടേക്കാവശ്യമായ മെഡിക്കൽ സ്റ്റാഫിന്‍റെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പാക്കും. ചികിത്സ, ചികിത്സയുമായി ബന്ധപ്പെട്ട ഉപാധികൾ, ഉപകരണങ്ങൾ, മരുന്നുകൾ, എന്നിവ ഒഴികെയുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ദൈനംദിന നടത്തിപ്പിന്റെയും ഭക്ഷണം ശുചിത്വം എന്നിവയുടെയും ചുമതല തദ്ദേശഭരണ സ്ഥാപനങ്ങൾക്കായിരിക്കും. സർക്കാർ നിർദ്ദേശാനുസരണം അടിയന്തിര ഘട്ടങ്ങളിൽ മരുന്നും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വാങ്ങി നൽകാവുന്നതാണ്.
സി എഫ് എൽ ടി സിയുടെ നടത്തിപ്പിനായി തദ്ദേശഭരണ സ്ഥാപനത്തിന്റെ അധ്യക്ഷ/അധ്യക്ഷൻ ചെയർപേഴ്സനായ കമ്മിറ്റിയും ഉണ്ടാകും. ഈ കമ്മിറ്റിയായിരിക്കും സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുക. മനേജിംഗ് കമ്മിറ്റി തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഒരു നോഡൽ ഓഫീസറും ഉണ്ടാകും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സൗകര്യങ്ങളും പ്രവർത്തനങ്ങളും ഇത്തരം സെന്ററുകളിൽ ഉറപ്പാക്കും. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്‍റ് സെന്‍റെറുകൾ ആരംഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കണമെന്ന് മന്ത്രി എ സി മൊയ്തീൻ അഭ്യർത്ഥിച്ചു.