കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സാധ്യത.
ഇന്നലെ സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോടാണ്. 4979 പേരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 755 പേര്‍ ചികിത്സയില്‍ കഴിയുന്നത് വീടുകളിലാണ്. ഇന്നലെ മാത്രം 433 രോഗികള്‍. കോര്‍പ്പറേഷന്‍ പരിധിയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. തീരപ്രദേശങ്ങളിലും കോവിഡ് രോഗികള്‍ പെരുകുകയാണ്.
പാളയം മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം 760 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 233 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഓണത്തിന് ശേഷമാണ് ജില്ലയില്‍ കോവിഡ് വ്യാപനത്തിന്‍റെ തോത് കൂടിയത്. കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വലിയ വീഴ്ച വരുന്നതായി അരോഗ്യ വകുപ്പ് ആക്ഷേപം ഉന്നയിക്കുന്നുണ്ട് .