തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തും കൊച്ചിയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തിരുവനന്തപുരത്ത് പകലും നിയന്ത്രണം വേണമെന്ന് ഡിസിപി ദിവ്യാ ഗോപിനാഥ് ആവശ്യപ്പെട്ടു. ജനങ്ങള്‍ കൂടുതല്‍ നിയന്ത്രണം പാലിക്കണം. വെകുന്നേരം വെറുതെ പുറത്തിറങ്ങുന്ന സ്വഭാവം ഒഴിവാക്കണമെന്നും ഡിസിപി പറഞ്ഞു.
തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം എ ആര്‍ ക്യാമ്പ് കാന്റീന്‍ മൂന്നുദിവസത്തേക്ക് അടച്ചു. തിരുവനന്തപുരം എ ആര്‍ ക്യാമ്പ് ശുചീകരിക്കുന്നു. കോവിഡ് സ്ഥിരീകരിച്ച പോലീസുകാരന്‍റെ സമ്പര്‍ക്കപ്പട്ടികയില്‍ 28 പേരാണുള്ളത്.തിരുവനന്തപുരത്ത് രണ്ടുദിവസം നിര്‍ണായകമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ സഹകരിക്കണം, നിയന്ത്രണം പാലിച്ചില്ലെങ്കില്‍ നിയന്ത്രണം കടുപ്പിക്കും. പോലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നാകാം. വീട്ടുകാര്‍ക്കോ, എ ആര്‍ ക്യാമ്പിലെ മറ്റ് പോലീസുകാര്‍ക്കോ രോഗമില്ലെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ്. കൊച്ചിയിലടക്കം രോഗവ്യാപനം കൂടുന്നത് മുന്നറിയിപ്പെന്ന് വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ജനങ്ങള്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കും. വിവിധ ഇടങ്ങളില്‍ നിന്ന് ആളുകള്‍ വരുന്ന സ്ഥലമാണ് കൊച്ചി. മാനദണ്ഡം ലംഘിച്ചത് കൊണ്ടാണ് പരിശോധന കര്‍ശനമാക്കേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു.