രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ 60 ലക്ഷം കടന്നു. 60,74,702 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ 95,542 പേര്‍ മരിച്ചു. 50 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. 50,16,520 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 82.46 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.58 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് ഡാഷ് ബോര്‍ഡ് പറയുന്നു. വേള്‍ഡോ മീറ്റേഴ്സിന്റെ കണക്ക് ആഗോളതലത്തില്‍ മരണ നിരക്ക് 4 ശതമാനമാണ്.
കഴിഞ്ഞ 11 ദിവസങ്ങളില്‍ 10 ലക്ഷം കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 82824 പുതിയ കേസുകളും 1039 പുതിയ മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച ലോകത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 29.9 ശതമാനവും കോവിഡ് മരണങ്ങളില്‍ 20.9 ശതമാനം ഇന്ത്യയില്‍ നിന്നാണ്.
ഇന്ത്യയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് സ്ത്രീകളേക്കാള്‍ കോവിഡ് മരണ സാധ്യത പുരുഷന്മാര്‍ക്കാണ് എന്നാണ്. കോവിഡ് ബാധിച്ച് മരിക്കുന്നതില്‍ 69 ശതമാനവും പുരുഷന്മാരാണ്.
മഹാരാഷ്ട്രയില്‍ 13,21,176 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണം 35,191 ആയി. തമിഴ് നാട്ടില്‍ 9233 പേരും കര്‍ണാടകയില്‍ 8503 പേരും കോവിഡ് മൂലം മരിച്ചു. ആന്ധ്രപ്രദേശ് 5663, ഉത്തര്‍പ്രദേശ് 5517, ഡല്‍ഹി 5193 എന്നിങ്ങനെയാണ് ഇതുവരെയുള്ള കോവിഡ് മരണക്കണക്കുകള്‍.