തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ജൂലൈ 23ന് നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെയും ആരോഗ്യവകുപ്പ് മന്ത്രിയുടെയും നേതൃത്വത്തില്‍ ഇരുപത്തിരണ്ടിന് നടത്താനിരുന്ന യോഗമാണ് 23ലേക്ക് മാറ്റിയത്.
റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. യോഗം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.30ന് നടക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സെക്രട്ടറിയേറ്റിലെ അനക്‌സ് ഒന്നിലെ ബോധിഹാളില്‍ ക്രമീകരിച്ചിരിക്കുന്ന വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും മേധാവികളും യോഗത്തില്‍ പങ്കെടുക്കുക.
തദ്ദേശഭരണ സമിതി അധ്യക്ഷന്മാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ടുമാര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, പ്രാഥമിക/സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സന്മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ യോഗത്തില്‍ പങ്കെടുക്കും. ഇതിന് സാധ്യമല്ലാത്ത പ്രദേശങ്ങളിലുള്ളവര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ മൊബൈല്‍ ഫോണ്‍ വഴിയോ യോഗത്തില്‍ പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്.