Web Desk
ചൈനയിലെ വുഹാനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത് പിന്നീട് ലോകത്തെ തന്നെ പ്രതിസന്ധിയിലാക്കിയ കോവിഡ് എന്ന മഹാമാരി ഭീഷണിയായി തന്നെ തുടരുമ്പോള്‍ ആഗോളതലത്തില്‍ രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടു. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ആറുമാസം പിന്നിടുമ്പോഴാണ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിടുന്നത്. മരണ സംഖ്യ ഇതിനോടകം അഞ്ച് ലക്ഷവും പിന്നിട്ടുകഴിഞ്ഞു.
2020 ജനുവരി 9 നാണ് ചൈനയിലെ സെന്‍റെര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവെന്‍ഷന്‍ പുതിയ ഒരിനം കൊറോണാവൈറസ് ബാധയാണ് രോഗം പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്ന് വിശദീകരിച്ചത്. ചൈനയിലെ വുഹാന്‍ മത്സ്യ-മാംസ ചന്തയില്‍ നിന്നും തുടങ്ങിയെന്ന് കരുതുന്ന രോഗം ഇപ്പോള്‍ ലോകംമുഴുവന്‍ പരിഭ്രാന്തിയിലാഴ്ത്തി പടരുന്നത് തുടരുകയാണ്. നിലവില്‍ 185 രാജ്യങ്ങളില്‍ രോഗം വ്യാപിച്ചകഴിഞ്ഞു.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും ഉണ്ടായിട്ടുള്ളത്. 25 ലക്ഷത്തിലധികം പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചപ്പോള്‍ 1.28 ലക്ഷം പേര്‍ ഇതിനോടകം മരിച്ചു. ബ്രസീലാണ് മരണത്തിലും രോഗബാധയിലും രണ്ടാം സ്ഥാനത്ത്. 13.15 ലക്ഷം പേര്‍ക്ക് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 57,103 പേര്‍ മരിച്ചു.
രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് റഷ്യയും തൊട്ടുപിന്നില്‍ ഇന്ത്യയുമുണ്ട്. ഒമ്പതിനായിരത്തോളം പേരാണ് റഷ്യയില്‍ രോഗം പിടിപെട്ട് മരിച്ചത്. നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കോവിഡ് മരണങ്ങള്‍ ഇതിനോടകം 15,685 കടന്നു. അഞ്ച് ലക്ഷം കടന്ന് രാജ്യത്തെ രോഗ ബാധിതരുടെ എണ്ണവും മുന്നോട്ട് പോവുകയാണ്. ദിനം പ്രതിയുള്ള രോഗികളുടെ വര്‍ധനവില്‍ ഇന്ത്യാണ് മൂന്നാം സ്ഥാനത്ത്. റഷ്യയില്‍ 6.27 ലക്ഷം പേരെ വൈറസ് ബാധിടച്ചപ്പോള്‍ ഇതുവരെ ഇന്ത്യയില്‍ 5.2 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത് തുങ്ങിയ സംസ്ഥാനങ്ങളാണ് രോഗബാധയില്‍ മുന്നിലുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ ചെന്നൈ നഗരം രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനെ കഴിഞ്ഞ ദിവസം മറികടന്നു. നേരത്തെ മഹാരാഷ്ട്ര മാത്രം രോഗ ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്നിരുന്നു.
കേരളത്തില്‍ 195 പേര്‍ക്കാണ് കഴിഞ്ഞ ഒരു ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 1,67,978 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,65,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 2463 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 281 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം നാലായിരം പിന്നിട്ടപ്പോള്‍ 22 പേരാണ് ഇതുവരെ മരിച്ചത്.