ന്യൂസിലന്റില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ജസീന്താ ആര്‍ഡെന്‍ രണ്ടാംതവണയും പ്രധാനമന്ത്രിയാകും എന്നാണ് അഭിപ്രായ സര്‍വെകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ കോവിഡ് വ്യാപനത്തെ വിജയകരമായി പിടുച്ചു നിര്‍ത്താന്‍ സാധിച്ചതാണ് ജസീന്തയെ തുണച്ചത്. എന്നാല്‍ അവര്‍ക്ക് പാര്‍ലമെന്ററി ഭൂരിപക്ഷം നേടാന്‍ കഴിയുമോ എന്നതും വലിയ ചോദ്യമാണ്.
ആര്‍ഡന്‍ രണ്ടാംതവണയും വിജയിക്കുമെന്നാണ് ആദ്യഘട്ട ഫലങ്ങള്‍ വ്യക്തമാക്കുന്നത്. അഞ്ച് ശതമാനം വോട്ടുകള്‍ കൂടി ഉയര്‍ന്നതോടെ ആര്‍ഡന്റെ ലേബര്‍ പാര്‍ട്ടിക്ക് 50 ശതമാനം വോട്ടുകള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സെന്റര്‍-റൈറ്റ് പാര്‍ട്ടി ഏകദേശം 26 ശതമാനവും, ഗ്രീന്‍ പാര്‍ട്ടി 9 ശതമാനം വോട്ടുകളും നേടിയിട്ടുണ്ട്.
എന്നിരുന്നാലും ലേബര്‍ പാര്‍ട്ടി പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുമോ എന്നത് പ്രവചനാതീതം ആണ്. 1996 ല്‍ മിക്‌സഡ് മെമ്പര്‍ പ്രൊപ്പോഷണല്‍ റെപ്രസന്റേഷന്‍ (എംഎംപി) എന്ന പാര്‍ലമെന്ററി സംവിധാനം ന്യൂസിലന്റില്‍ അവതരിപ്പിച്ചതിനു ശേഷം ഒരു പാര്‍ട്ടിക്കും ഭരണം നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല.
ഈ വര്‍ഷം ഓഗസ്റ്റുവരെ ജസീന്തയുടെ ജനപ്രീതിയില്‍ ഇടിവ് വന്നിരുന്നെങ്കിലും കോവിഡ് കൈകാര്യം ചെയ്തതിലെ മിടുക്ക് അവര്‍ക്ക് അനുകൂലമായി വന്നിട്ടുണ്ട്. എന്നാല്‍ ഇതിനു മുന്‍പും സമാന സാഹചര്യങ്ങളില്‍ നേതാക്കന്മാര്‍ക്ക് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞെങ്കിലും ഭരണം നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല.
മുന്‍ പ്രധാനമന്ത്രി ജോണ്‍ കീയുടെ കാലത്ത് അഭിപ്രായ സര്‍വെയില്‍ അവര്‍ക്ക് 50 ശതമാനം വോട്ട് ലഭിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ അത് തുണച്ചില്ലെന്ന് ഓക്‌ലാന്റ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ജെനിഫര്‍ കര്‍ട്ടിന്‍ ചൂണ്ടിക്കാട്ടുന്നു.
സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് ഗ്രീന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കേണ്ടിവരുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോണ്‍ വാന്‍ വീനും വ്യക്തമാക്കുന്നു. 2017-ല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലേബര്‍ പാര്‍ട്ടിയെ സഹായിച്ച സഖ്യകക്ഷികളില്‍ ഒന്നാണ് ഗ്രീന്‍ പാര്‍ട്ടി. കോവിഡിനെ നിയന്ത്രിക്കാന്‍ സാധിച്ചതാണ് ആര്‍ഡന് ജനപ്രീതി ലഭിക്കാന്‍ ഇടയാക്കിയതെന്നും അല്ലാത്തപക്ഷം ന്യൂസിലന്റ് ജനത അവരെ തഴയുമായിരുന്നുവെന്നും ജോണ്‍ വീന്‍ വാന്‍ നീരീക്ഷിച്ചു.
പ്രധാനമന്ത്രി അവരുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണം ഈ വര്‍ഷം ആദ്യം ഉയര്‍ന്നിരുന്നു. ജനങ്ങളുടെ പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കുമെന്നും ദാരിദ്ര്യ നിര്‍മാര്‍ജനവും വാഗ്ദാനം ചെയ്‌തെങ്കിനും ലേബര്‍ പാര്‍ട്ടിക്ക് അത് നിറവേറ്റാന്‍ സാധിച്ചില്ലെന്നു പറഞ്ഞ വാന്‍ വീന്‍, തെരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി അവരുടെ ജനപ്രീതി കുറയും എന്നാണ് അനുമാനമെന്നും കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബറില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഒക്ടോബറിലേക്ക് മാറ്റിവച്ചത്. ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച ആദ്യഘട്ട വോട്ടെടുപ്പില്‍ 10 ലക്ഷത്തിലധികം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്.