യുഎഇയില്‍ ഒരിടവേളയ്ക്കു ശേഷം നിത്യേനയുള്ള പുതിയ കോവിഡ് കേസുകള്‍ 2,500 കടന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്.
അബുദാബി : കോവിഡ് പൊസീറ്റീവായാല്‍ പാലിക്കേണ്ട ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ അബുദാബി ഹെല്‍ത്ത് അഥോറിറ്റി മാറ്റം വരുത്തിയിട്ടുണ്ട്. പിസിആര്‍ പരിശോധനയില്‍ പൊസീറ്റാവെന്ന് കണ്ടാല്‍ തൊട്ടടുത്തുള്ള സേവാ ഡ്രൈവ് ത്രൂ കേന്ദ്രത്തിലെത്തി പുനപരിശോധന നടത്തണം. അവിടെ നെഗറ്റീവ് ആണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ വീണ്ടും പരിശോധന നടത്തണം വീണ്ടും ഫലം നെഗറ്റീവല്ലെങ്കില്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണം. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ വീട്ടില്‍ തന്നെ ക്വാറന്റൈിനിലിരിക്കണമെന്നും അബുദാബി ഹെല്‍ത്ത് അഥോറിറ്റി അറിയിച്ചു.
വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തണം. ക്വാറന്റൈനിടയ്ക്ക് എട്ടാം ദിവസവും ഒമ്പതാം ദിവസവും കോവിഡ് ടെസ്റ്റില്‍ ഫലം നെഗറ്റീവായാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.
കോവിഡ് ബാധിതരുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍ പ്രാഥമിക കേന്ദ്രത്തിലെത്തി പരിശോധന നടത്തണം. നെഗറ്റീവാണ് ഫലമെങ്കില്‍ വാക്‌സിന്‍ എടുത്തവര്‍ ഏഴു ദിവസവും അല്ലാത്തവര്‍ പത്തു ദിവസവും ക്വാറന്റൈനില്‍ കഴിയണം. വാക്‌സിന്‍ എടുത്തവര്‍ ആറാം ദിവസം പിസിആര്‍ ടെസ്റ്റ് നടത്തണം. തുടര്‍ന്ന് ഏഴാം ദിവസം ക്വാറന്റൈന്‍ അവസാനിപ്പിക്കാം. വാക്‌സിന്‍ എടുക്കാത്തവര്‍ ഒമ്പതാം ദിവസം പിസിആര്‍ എടുത്ത് പത്താം ദിനം ക്വാറന്റൈന്‍ അവസാനിപ്പിക്കാം.
അതേ സമയം, ഇവര്‍ പോസീറ്റാവായാല്‍ ഐസലോഷന്‍ കേന്ദ്രത്തില്‍ എത്തണം. വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവര്‍ കേന്ദ്രത്തില്‍ തന്നെ കഴിയണം. രോഗമില്ലാത്തവര്‍ മാസ്‌കും കൈയ്യുറകളും ധരിക്കണം. കൈകള്‍ വൃത്തിയാക്കി അണുവിമുക്തമാക്കുകയും വേണം.
കോവിഡ് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് പിഴ ശിക്ഷയുമുണ്ടാകുമെന്നും അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു.
2,515 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകള്‍ 7,69,608 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഒരു മരണം. ആകെ മരണം 2,169 ആയി.












