കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4,95,628 പിസിആര്‍ പരിശോധന നടത്തിയതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് അഞ്ചു പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 2283 ആയി.
പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1474. രോഗമുക്തി നേടിയവര്‍ 2283.
കോവിഡ് രോഗ വ്യാപനം കുറഞ്ഞുവരുന്നതിനാല്‍ ഫെബ്രുവരി പതിനാലു മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, മുഖാവരണം നിര്‍ബന്ധമായിരിക്കുമെന്നും പിന്നീട് ഇക്കാര്യത്തിലും ഇളവു അനുവദിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
അതേസമയം, സൗദി അറേബ്യയില്‍ 2523 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന നാലു പേര്‍ കൂടി മരണമടഞ്ഞു.
ഇതോടെ സൗദിയിലെ ആകെ കോവിഡ് മരണം 8969 ആയി. നിലവില്‍ 1040 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്.
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 657 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 125 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. 114 പേര്‍ ഗുരുതര നിലയില്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്. അതേസമയം, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോവിഡ് രോഗ വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് പൊതു ഇടങ്ങളില്‍ പ്രവേശനത്തിനും മറ്റും ഇളവുകള്‍ യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. മസ്ജിദുകളില്‍ സാമൂഹിക അകലം ഒരു മീറ്ററായി കുറച്ചിട്ടുണ്ട്.