ഡൽഹിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി സമകാലീന വിഷയമായ കൊറോണ അരങ്ങിലവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ക്ഷണിക്കപ്പെട്ട സദസിന് മുന്നിൽ കഥകളി അവതരിപ്പിച്ചത്. പതിവിൽ നിന്ന് വിപരീതമായി അരങ്ങിൽ പുരാണ കഥാപാത്രങ്ങൾക്ക് പകരം ഡോക്ടറും, നേഴ്സും, കൊറോണയും , വാക്സിനും രംഗത്തെത്തി. കലാമണ്ഡലം അനിൽ കുമാറാണ് കഥകളി ചിട്ടപ്പെടുത്തിയത്.
തിരുവട്ടാർ ബി ജഗദീശൻ (കൊറോണ ), കലാമണ്ഡലം അനിൽകുമാർ (ആരോഗ്യ പ്രവർത്തകൻ), കലാഭാരതി കല്ല്യാണകൃഷ്ണൻ (ഡോക്ടർ ), ഗോകുൽ, അരുൺ സൂര്യ (ജനം ), സുരഭി നമ്പീശൻ (നേഴ്സ് ), ശ്രീജിത്ത് സി. ജെ ( പോലീസ് ), സഹിൽ സുരേഷ് (വാക്സിൻ ) എന്നിവരാന്ന് വേദിയിൽ എത്തിയത്.
കഥകളിയുടെ പിന്നണിയിൽ കലാമണ്ഡലം മണികണ്ഠൻ, സദനം സുരേഷ് പ്രാട്ട് ), കലാമണ്ഡലം തമ്പി , കലാമണ്ഡലം സുമേഷ് (ചെണ്ട), പകൽകുറി ഉണ്ണികൃഷ്ണൻ , കലാനിലയം നിതീഷ് (ചുട്ടി), സത്യനാരായണൻ (ഗ്രീൻ റൂം ) എന്നിവരാണ്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഡൽഹിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ കഥകളിയിൽ കഥകളി അവതരിപ്പിക്കുന്നത് എന്നു സെന്റർ ചെയർമാൻ ബാബു പണിക്കരും, സെക്രട്ടറി അതിതാ കലേഷും പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് ക്ഷണിക്കപ്പെട്ടവർക്ക് മുൻപിൽ അവതരിപ്പിച്ച കഥകളി റക്കോഡ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങൾ വഴി ജനസമൂഹത്തിൽ എത്തിക്കും. മുൻപ് ബൈബിൾ കഥയെ അടിസ്ഥാനമാക്കിയും, ഷെയ്ക്ക്സ്പിയർ രചനയെ അടിസ്ഥാനമാക്കിയും , മഹാത്മാഗാന്ധി, വിശ്വ ശാന്തി വിഷയമാക്കി കഥകളി അവതരപ്പിച്ചിട്ടുണ്ട്.












