തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് അവലോകന യോഗം അലസിപ്പിരിഞ്ഞു. ബിജെപിക്ക് വോട്ട് വിറ്റെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആരോപിച്ചത് നേതാക്കള്‍ തമ്മിലെ വാക്കേറ്റത്തിന് വഴിവച്ചു. ഇതോടെ യോഗം മാറ്റിവയ്ക്കുകയായിരുന്നു.
കൊല്ലത്തും പത്തനംതിട്ടയിലും ഡിസിസിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണവും തിരുത്തല്‍ മാര്‍ഗവും കണ്ടെത്താനായി കെപിസിസി പ്രസിഡന്റ്, ഉമ്മന്‍ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗവും അലസിപ്പിരിഞ്ഞു.
തോല്‍വിയുടെ ഉത്തരവാദിത്വം ഒരാളില്‍ കെട്ടിവയ്ക്കരുതെന്നും കെപിസിസിക്കും ഉത്തരവാദിത്വമുണ്ടെന്നും വി.എസ് ശിവകുമാര്‍ പറഞ്ഞതോടെ എതിര്‍പ്പുമായി കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ് രംഗത്തെത്തി.
ബിജെപിയുമായുള്ള അഡ്ജസ്റ്റ്‌മെന്റാണ് നടന്നതെന്നും തെളിവുണ്ടെന്നും പറഞ്ഞ സുരേഷ്, തലസ്ഥാനത്ത് തുടര്‍ച്ചയായി ജയിക്കുന്ന എംഎല്‍എമാര്‍ അവരുടെ ഭാവിക്ക് വേണ്ടി ബിജെപിയെ പിണക്കാതെ കൂടെ നിര്‍ത്തുകയാണെന്നും ആരോപിച്ചു. ഇതോടെ മറ്റൊരു ദിവസം യോഗം കൂടാമെന്ന് നിശ്ചയിച്ച് നേതാക്കള്‍ പിരിഞ്ഞു.