കൊച്ചി: കോവിഡ് നിരീക്ഷണത്തിലിരുന്നപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന കേസില്‍ യുവതിക്കെതിരേ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ബന്ധുക്കളുടെ സമ്മര്‍ദം മൂലമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതി നല്‍കിയതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. വ്യാജ പരാതി നല്‍കിയ യുവതിയുടെ നടപടി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്ന് ഹൈക്കോടതി ഉത്തരവില്‍ അഭിപ്രായപ്പെട്ടു. യുവതിക്കെതിരെ കേസെടുത്ത് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
തന്നെ പീഡിപ്പിച്ചതല്ലെന്നും പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നും പീഡനത്തിനിരയായ യുവത് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ സത്യവാങ്മൂലം ഫയലില്‍ സ്വീകരിച്ചാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചതിനൊപ്പം പരാതി നല്‍കിയയാളുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കുളത്തൂപ്പുഴ പ്രാഥമികആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ ഭരതന്നൂരിലെ വീട്ടില്‍ വച്ച് കുളത്തൂപ്പുഴ സ്വദേശിനിയെ പീഡിപ്പിച്ചെന്നാണ് കേസ്. സെപ്റ്റംബര്‍ മൂന്നിനാണ് പരാതിക്ക് സ്പദമായ സംഭവം. കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയായിരുന്നു പ്രദീപിനെ സമീപിച്ചത്. ഭരതന്നൂരിലെ വീട്ടിലെത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
സംഭവം വിവാദമായതോടെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്ത പ്രദീപിനെ കോടതി റിമാന്‍ഡ് ചെയ്തു. കേസ് റദ്ദാക്കാനായി പ്രദീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ വകുപ്പുതല നടപടിയുടെ ഭാഗമായി സസ്പെന്‍ഷനിലായിരുന്ന പ്രദീപിനെ ആരോഗ്യവകുപ്പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.










