മനാമ: ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കോവിഡ് -19 മരുന്നിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ബഹ്റൈന്‍ ആരംഭിച്ചു. യു.എ.ഇയില്‍ നടത്തിയ പരീക്ഷണത്തിന് നേതൃത്വം കൊടുത്തവരുമായും അവരുടെ ചൈനീസ് പങ്കാളികളുമായും സഹകരിച്ചാണ് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതെന്ന് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) പ്രസിഡന്റെും കോവിഡ് പ്രതിരോധത്തിനുള്ള നാഷനല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്സ് അധ്യക്ഷനുമായ ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ പറഞ്ഞു.
ക്ലിനിക്കല്‍ പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇയില്‍ പരീക്ഷണത്തിന് നേതൃത്വം നല്കിയ ഡോ. നവാല്‍ അല്‍ കാബി, ഡോ. വലീദ് അബ്ബാസ്, ചൈന നാഷനല്‍ ബയോടെക് ഗ്രൂപ് (സി.എന്‍.ജി.ബി), നിര്‍മിത ബുദ്ധി, ക്ലൗഡ് കമ്ബ്യൂട്ടിങ് കമ്ബനിയായ ഗ്രൂപ് 42 എന്നിവയുടെ പ്രതിനിധികള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അനുഭവസമ്ബത്ത് പരസ്പരം കൈമാറുന്നതിലൂടെ മഹാമാരിയുടെ വ്യാപനം തടയാന്‍ കഴിയുമെന്ന് ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല പറഞ്ഞു.
ലോകാരോഗ്യ സംഘടന പട്ടികയില്‍ ഉള്‍പ്പെടുത്തിയ കോവിഡ് മരുന്നിന്റെ മൂന്നാം ഘട്ടത്തിലെ ആദ്യ പരീക്ഷണത്തിലാണ് ബഹ്റൈന്‍ പങ്കെടുക്കുന്നത്.പരീക്ഷണത്തിന് സന്നദ്ധരായ 6000 ഓളം സ്വദേശികളിലും പ്രവാസികളിലും മരുന്ന് പരീക്ഷിക്കും. കോവിഡ് പ്രതിരോധത്തിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല പറഞ്ഞു.
സഹോദര രാജ്യമായ യു.എ.ഇയുമായുള്ള സഹകരണം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധത്തിന് നാഷനല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്സ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എസ്.സി.എച്ച് പ്രസിഡന്റ് വിവരിച്ചു. മുന്‍കരുതല്‍ നടപടികളിലൂടെ രോഗവ്യാപനം തടയുന്നതിന് ബഹ്റൈന്‍ സ്വീകരിച്ച നടപടികളെ പ്രതിനിധി സംഘം അഭിനന്ദിച്ചു.