ഇലക്ട്രിക് വെഹിക്കിള്‍സ് നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ യുഎഇയിലെ നിക്ഷേപകരെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച് എംകെ സ്റ്റാലിന്‍
അബുദാബി : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും യുഎഇയിലെ നിക്ഷേപകരുമായി വിവിധ വ്യവസായ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ചര്‍ച്ച നടത്തി.
ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണ മേഖലയിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും നിക്ഷേപം നടത്താന്‍ സ്റ്റാലിന്‍ നിക്ഷേപകരെ ക്ഷണിച്ചു.
സ്റ്റാര്‍ട് അപുകളിലും പുതു വ്യവസായ സംരംഭങ്ങളിലും നിക്ഷേപത്തിന് യുഎഇയിലെ സംരംഭകരെ അദ്ദേഹം ക്ഷണിച്ചു.
2600 കോടി രൂപയുടെ ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചു. ഇത് സംസ്ഥാനത്ത് 9,700 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്‌നാടിനെ ഒരുലക്ഷം കോടി ഡോളറിന്റെ സമ്പദ് ഘടനയാക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. തീരുമാനങ്ങള്‍ എടുക്കുന്ന ശക്തമായ ഭരണ നേതൃത്വവും സദ്ഭരണവുമാണ് തമിഴ്‌നാട്ടിലുള്ളതെന്ന് സ്റ്റാലിന്‍ പറഞ്ഞു.
യുഎഇ ഹെല്‍ത്ത് കെയര്‍ മേഖലയിലെ പ്രമുഖ സ്ഥാപനമായ ആസ്റ്റര്‍ ഗ്രൂപ്പും തമിഴ്‌നാടുമായി 500 കോടി രൂപയുടെ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചതായി ആസ്റ്റര്‍ സിഎംഡി ഡോ.ആസാദ് മൂപ്പന്‍ അറിയിച്ചു.
ദുബായ് വേള്‍ഡ് എക്‌സ്‌പോ സെന്ററും മ്യൂസിയം ഓഫ് ദി ഫ്യുചറും സ്റ്റാലിന്‍ നേരത്തെ സന്ദര്‍ശിച്ചു.
കോവിഡ് മഹാമാരികാലത്തും കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ 124 ധാരണാ പത്രങ്ങള്‍ ഒപ്പിട്ടു. 800 കോടി യുഎസ് ഡോളറിന്റെ നിക്ഷേപ സംരംഭങ്ങളാണ് ഈ ധാരണാ പത്രങ്ങളിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നതെന്നും രണ്ട് ലക്ഷം തൊഴില്‍ അവസരങ്ങളും ഇതോടൊപ്പം സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











