തിരുവനന്തപുരം: പല കാരണങ്ങളാല്‍ സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയര്‍ത്താനും ഒപ്പം നിര്‍ത്താനുമുള്ള നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള കുതിപ്പിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന്റെ ഭാഗമായി കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമൂഹത്തില്‍ പൊതുവായ വികസനം ഉണ്ടാകുമ്പോഴും പിന്തള്ളപ്പെട്ടുപോകുന്നവരുണ്ട്. ഇവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും പ്രത്യേക പരിഗണനയാണ് നല്‍കിയത്. കൊവിഡ് മഹാമാരിയുടെ കാലത്ത് പ്രത്യേകമായി തന്നെ ഇത്തരം ജനവിഭാഗങ്ങളുടെ സംരക്ഷണത്തിന് നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുക എന്ന ലഷ്യത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്നും ജലജീവന്‍ മിഷന്റെ ഭാഗമായുള്ള ഈ പ്രവര്‍ത്തനങ്ങള്‍ നല്ല വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
പ്രകടന പത്രികയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞതില്‍ 570 കാര്യങ്ങളും നടപ്പിലാക്കാനായെന്നും 30 എണ്ണമാണ് ബാക്കിയുള്ളത്, കേരളത്തില്‍ ഒരു സര്‍ക്കാരിനും നേരിടേണ്ടി വന്നിട്ടില്ലാത്ത മഹാദുരന്തങ്ങള്‍ ഒന്നിന് പുറകെ ഒന്നായി നേരിടേണ്ടി വന്നു. ഈ വെല്ലുവിളികളില്‍ ജനങ്ങളെ ഒപ്പം നിര്‍ത്തി അവയെ അതിജീവിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ സര്‍വ്വതല സ്പര്‍ശിയായ വികസനമെന്നതാണ് സര്‍ക്കാര്‍ നയം. എല്ലായിടവും ഒരു പോലെ വികസിക്കുകയാണ് ആവശ്യം. അത് കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹരിത കേരള മിഷനിലൂടെ നാല് വര്‍ഷം കൊണ്ട് പച്ചക്കറി ഉല്‍പ്പാദനം ഏഴ് ലക്ഷം ടണ്ണില്‍ നിന്ന് 15 ലക്ഷം ടണ്ണിലെത്തി. 30000 ഹെക്ടര്‍ തരിശ് ഭൂമി കൃഷിഭൂമിയാക്കാന്‍ കഴിഞ്ഞു. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. വീടില്ലാതിരുന്ന 10 ലക്ഷം മനുഷ്യര്‍ക്ക് സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുന്നുവെന്നത് വലിയ നേട്ടമാണെന്നും കേസിന്റെയോ ആക്ഷേപങ്ങളുടെയോ പേരില്‍ ഈ പ്രവര്‍ത്തനം മന്ദീഭവിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.