തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ മറന്നുള്ള ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്മസ്. ഇത്തവണ മാസ്‌കും, സാമൂഹിക അകലവും ഉള്‍പ്പടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് ക്രിസ്മസ് ആഘോഷിക്കാന്‍ ഏവരും ശ്രദ്ധിക്കണം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്കുള്ള സന്ദര്‍ശനം പരമാവധി ഒഴിവാക്കണം. പോകേണ്ട സാഹചര്യമുണ്ടായാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അനാവശ്യമായി കൂട്ടം ചേരാനോ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനോ പാടില്ല. കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ആവശ്യമായ കരുതല്‍ നല്‍കാന്‍ മറക്കരുത്. ഇവരുമായി ഇടപഴകുന്നത് പരമാവധി ഒഴിവാക്കണം. ഇവര്‍ അനാവശ്യമായി വീടിനു പുറത്തു പോകുന്നതും ഒഴിവാക്കണം. കേക്കുകള്‍, മറ്റുള്ള ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങള്‍ എന്നിവ നല്‍കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അവ നല്‍കുന്നതിനു മുന്‍പും ശേഷവും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഒരു വീട്ടില്‍ നിന്നും പരമാവധി രണ്ടുപേര്‍ മാത്രം ഷോപ്പിംഗിനും മറ്റുമായി പുറത്തുപോകാന്‍ ശ്രദ്ധിക്കണം. ഇവര്‍ ആവശ്യമുള്ള സാധനങ്ങള്‍ ഒരുമിച്ചു വാങ്ങാന്‍ ശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്.
വ്യാപാര സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാകാതിരിക്കാന്‍ ഉടമസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ളവ തയ്യാറാക്കി വയ്ക്കണം. സാമൂഹിക അകലം, മാസ്‌ക് എന്നിവ ഇത്തരം സ്ഥാപനങ്ങളില്‍ കൃത്യമായും ഉറപ്പാക്കണം. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് കടയിലുള്ളവരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും വേണം. കാവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരുകാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുത്. ഇവര്‍ എത്രയും വേഗം ആരോഗ്യ കേന്ദ്രത്തിലെത്തണം.
കോവിഡിന്റെ അതിശക്തമായ രണ്ടാംവരവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്നും ഇത്തവണത്തെ ക്രിസ്മസ് നന്മയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മാത്രമല്ല കരുതലിന്റെയും സുരക്ഷിതത്വത്തിന്റെയും കൂടിയായി മാറാന്‍ എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.