ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനമുണ്ടായതായി റിപ്പോര്‍ട്ട്. ലേയിലുള്ള ചാങ് താങ് ഗ്രാമത്തില്‍ ചൈനീസ് സൈനികര്‍ സിവില്‍ വേഷത്തില്‍ അതിര്‍ത്തി കടന്നതായാണ് വിവരം. ഇവരെ ഐടിബിപി വിഭാഗം എത്തി തിരിച്ചയച്ചെന്നും ഗ്രാമവാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉദ്ധരിച്ച് ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ലേ ലഡാക്കില്‍ നിന്ന് 135 കിലോമീറ്റര്‍ കിഴക്ക് മാറി ന്യോമ മേഖലയിലാണ് ചൈനീസ് സൈനികര്‍ എത്തിയത്. രണ്ട് വാഹനങ്ങളിലായി എത്തിയ ഇവര്‍ സിവില്‍ വേഷത്തില്‍ ആയിരുന്നുവെന്നും കൈവശം ലഘുലേഖകള്‍ ഉണ്ടായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന പ്രദേശമാണ് ന്യോമ. ഇവരെ സ്വാധീനിക്കാനാണ് ചൈനീസ് സൈനികര്‍ എത്തിയത് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ പ്രദേശവാസികള്‍ ഇവരെ തടയുകയും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സൈനികരെ മടക്കി അയച്ചു. വിഷയത്തില്‍ പ്രതികരിക്കാന്‍ ഐടിബിപി തയ്യാറായിട്ടില്ല.