കെ.അരവിന്ദ്
പല മാതാപിതാക്കളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ മ്യൂച്വല്‍ ഫണ്ടുകളിലും പിപിഎഫിലും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റിലുമൊക്കെ നിക്ഷേപം നടത്താറുണ്ട്. ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശയും ലാഭവിഹിതവും മൂലധന നേട്ടവുമൊക്കെ രക്ഷിതാവിന്റെ വരുമാനത്തിനൊപ്പം ചേര്‍ത്താണ് നികുതി ബാധ്യത കണക്കാക്കേണ്ടത്.
എന്നാല്‍ കുട്ടികളുടെ പേരില്‍ നിക്ഷേപം തുടങ്ങിയതുകൊണ്ടു മാത്രം രക്ഷിതാവിന് നികുതി ബാധ്യത ഉണ്ടാകണമെന്നില്ല. മാത്രവുമല്ല, കുട്ടികളുടെ പേരില്‍ ടാക്‌സ് സേവിംഗ് സ്‌കീമുകളിലാണ് നിക്ഷേപം നടത്തിയതെങ്കില്‍ അതിന്റെ പേരിലുള്ള നികുതി ഇളവ് രക്ഷിതാവിന് ലഭിക്കുകയും ചെയ്യും.
ആദായ നികുതി നിയമം സെക്ഷന്‍ 80 സി പ്രകാരം ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്‌കീമി ലോ പിപിഎഫിലോ കുട്ടികളുടെ പേരില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ അതിന്റെ പേരിലുള്ള നികുതി ഇളവ് രക്ഷിതാവിന് അവകാശപ്പെടാം. അത്തരം നിക്ഷേപങ്ങള്‍ രക്ഷിതാവിന്റെ നികുതി വിധേയ വരുമാനത്തില്‍ നിന്നും കിഴിച്ചതിനു ശേഷമായിരിക്കും നികുതി ബാധ്യത കണക്കാക്കുന്നത്. സെക്ഷന്‍ 80 സി പ്രകാരം തന്റെ പേരിലും കുട്ടികളുടെ പേരിലും നടത്തിയിട്ടുള്ള ഒന്നരലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതി ഒഴിവ് അവകാശപ്പെടാവുന്നത്.
കുട്ടികളുടെ പേരിലുള്ള നിക്ഷേപങ്ങള്‍ക്ക് മറ്റൊരു തരത്തിലുള്ള നികുതി ഒഴിവ് കൂടി അവകാശപ്പെടാനാകും. രക്ഷിതാവ് കുട്ടികളുടെ പേരില്‍ നികുതി വിധേയമായ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ ഒരു കുട്ടിയുടെ പേരിലുള്ള നിക്ഷേപത്തിന് ലഭിക്കുന്ന 1,500 രൂപ വരെയുള്ള പലിശക്ക് നികുതി ഇളവ് ലഭിക്കുന്നതാണ്. ആദായ നികുതി നിയമം സെക്ഷന്‍ 10 (32) പ്രകാരമാണ് ഈ നികുതി ഇളവ്.
ഉദാഹരണത്തിന് കുട്ടിയുടെ പേരില്‍ നടത്തിയിട്ടുള്ള നിക്ഷേപത്തില്‍ നിന്നും വര്‍ഷത്തില്‍ 5000 രൂപയാണ് പലിശയായി ലഭിച്ചതെങ്കില്‍ 1,500 രൂപക്ക് നികുതി ഇളവ് നേടാം. ബാക്കി 3,500 രൂപ നികുതി വിധേയ വരുമാനത്തിനൊപ്പം ചേര്‍ക്കണം. മാതാപിതാക്കളില്‍ രണ്ട് പേര്‍ക്കും നികുതി വിധേയ വരുമാനമുണ്ടെങ്കില്‍ അതില്‍ ഉയര്‍ന്ന വരുമാനമുള്ളയാളുടെ പേരിലാണ് കുട്ടികളുടെ പേരിലുള്ള നിക്ഷേപത്തിന്റെ പലിശ ചേര്‍ക്കേണ്ടത്.
കുട്ടികള്‍ സ്വന്തം നിലയില്‍ നേടുന്ന വരുമാനം രക്ഷിതാവിന്റെ നികുതി വിധേയ വരുമാനത്തിനൊപ്പം ചേര്‍ക്കേണ്ടതില്ല. ടിവി, സിനിമ, കായിക ഇനങ്ങള്‍, മറ്റ് കലാപരിപാടികള്‍ തുടങ്ങിയവയിലൂടെ കുട്ടികള്‍ക്ക് വരുമാനം ലഭിക്കാറുണ്ട്. കുട്ടികള്‍ ഇത്തരത്തില്‍ സ്വന്തം കഴിവോ അറിവോ ഉപയോഗിച്ച് നേടുന്ന വരുമാനം രക്ഷിതാവിന്റെ നികുതി വിധേയ വരുമാനത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അതുപോലെ ചില പ്രത്യേക വൈകല്യങ്ങളുള്ള കുട്ടികളുടെ വരുമാനവും രക്ഷിതാവിന്റെ നികുതി വിധേയ വരുമാനത്തിനൊപ്പം ചേര്‍ക്കേണ്ടതില്ല.
കുട്ടികളുടെ പേരിലുള്ള പിപിഎഫ് പോലുള്ള ടാക്‌സ് സേവിംഗ് സ്‌കീമുകളിലെ നിക്ഷേപത്തില്‍ നിന്നുള്ള പലിശക്കോ മൂലധന നേട്ടത്തിനോ നികുതി നല്‍കേണ്ടി വരുന്നില്ല. പിപിഎഫില്‍ നിന്നുള്ള നേട്ടം നികുതി മുക്തമാണ്. അതേസമയം ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്നുള്ള പലിശക്ക് നികുതി നല്‍കേണ്ടതുണ്ട്. കുട്ടിക്ക് 18 തികഞ്ഞാല്‍ കുട്ടിയുടെ വരുമാനം രക്ഷിതാവിന്റെ നികുതി വിധേയ വരുമാനത്തിനൊപ്പം ചേര്‍ക്കേണ്ടതില്ല. 18 വയസ് പൂര്‍ത്തിയായ വ്യക്തിയുടെ നികുതി ബാധ്യത പ്രത്യേകമായാണ് കണക്കാക്കുക.