തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഡിഎന്‍എ എന്തെന്ന് കോടിയേരി പറയണ്ട. അത് ജനങ്ങള്‍ക്ക് അറിയാം. സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇരിക്കാന്‍ കോടിയേരി യോഗ്യനല്ലെന്ന് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ച് കോടിയേരിക്ക് നേരത്തെ അറിയാമെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, രാജ്യത്തെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഇതുവരെ രാജ്യദ്രോഹ കുറ്റത്തില്‍ പ്രതിസ്ഥാനത്ത് വന്നിട്ടില്ലെന്നും വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍ നടന്നതെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയില്‍ മുങ്ങി. ഐടി വകുപ്പ് അഴിമതി വാര്‍ത്തകള്‍ പുറത്ത് വരുന്നു. വകുപ്പിന് കീഴിലുളള 24 ഓളം സ്ഥാപനങ്ങളില്‍ നടന്നിട്ടുളള നിയമനങ്ങള്‍ ഭൂരിഭാഗവും പിന്‍വാതില്‍ വഴിയുളളതാണ്. പിഎസ്സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ വന്ന ചെറുപ്പക്കാരെ ചതിക്കുന്ന പിന്‍വാതില്‍ നിയമനം നടത്തുന്ന സര്‍ക്കാരാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സംസ്ഥാനത്ത് നടക്കുന്നത് കണ്‍സള്‍ട്ടണ്‍സി രാജ് ആണ്. സ്വന്തം വകുപ്പുകള്‍ ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ല. യുഡിഎഫും താനും ഈ സര്‍ക്കാരിന്റെ വിവിധ വിഷയങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവന്നു. മാര്‍ക്ക്ദാനം,ബ്രുവറി, ട്രാന്‍സ്‌കിറ്റ്, ആഭ്യന്തര വകുപ്പിലെ അഴിമതി,ഐടി വകുപ്പിലെ അഴിമതി ഇങ്ങനെ നിരവധി അഴിമതികള്‍ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. അഴിമതിയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപിയുടെ ഇഷ്ടനേതാവായി ചെന്നിത്തല മാറിയെന്നും ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചെന്നിത്തല ആവര്‍ത്തിക്കുകയാണെന്ന് കോടിയേരി പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ്-ബിജെപി തന്ത്രത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്നും കോടിയേരി പറഞ്ഞിരുന്നു.