കണ്ണൂര്‍: പാണക്കാട് കുടുംബത്തെ കുറിച്ചുള്ള എ.വിജയരാഘവന്റെ പരാമര്‍ശം സിപിഎമ്മിന് തിരിച്ചടിയായിക്കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയരാഘവന്‍ നടത്തിയത് ഒറ്റ തിരിഞ്ഞുള്ള പ്രസ്താവനയല്ല. വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം സിപിഎം നടത്തുകയാണെന്നും രണ്ട് വോട്ട് കിട്ടാന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
സിപിഎമ്മിന്റേത് നിലവാരം കുറഞ്ഞ നിലപാടാണ്. മുസ്ലീങ്ങളെയാകെ വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കണ്ണൂരില്‍ എത്തിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഐശ്വര്യ കേരളയാത്രയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും എല്‍ഡിഎഫിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തിനെതിരായ വികാരമാണ് യാത്രയിലുടനീളം പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐശ്വര്യ കേരള യാത്ര മൂന്നാം ദിനമായ ഇന്ന് ധര്‍മ്മടം, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിക്കൂര്‍, പേരാവൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലാണ് ഇന്നത്തെ പൊതുയോഗങ്ങള്‍. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രമുഖരുമായി രമേശ് ചെന്നിത്തല ഇന്ന് രാവിലെ ചര്‍ച്ച നടത്തും. കണ്ണൂര്‍ ജില്ലയിലെ യാത്ര ഇന്ന് പൂര്‍ത്തിയാകും. ചൊവ്വാഴ്ച വയനാട് ജില്ലയിലാണ് പര്യടനം.











