പനാജി: ഐഎസ്എലില്‍ ജംഷഡ്പുര്‍ എഫ്സിക്കെതിരെ ചെന്നൈയ്ന്‍ എഫ്സിക്ക് വിജയം. അനുരുദ്ധ് ഥാപ്പ, ഇസ്മയില്‍ ഇസ്മ എന്നിവരുടെ ഗോള്‍ ബലത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാന്‍ ചെന്നൈയുടെ വിജയം. വാല്‍സ്‌കിസ് ജംഷഡ്പുരിനായി വലകുലുക്കി. ഇരു ടീമുകളും മികച്ച് പ്രകടനമാണ് കാഴ്ചവെച്ചത്.
ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. കളി തുടങ്ങി ആദ്യമിനിറ്റില്‍ തന്നെ ജംഷഡ്പുരിനെ ഞെട്ടിച്ച് ചെന്നൈ സ്‌കോര്‍ ചെയ്തു. അനിരുദ്ധ് ഥാപ്പ 54ാം സെക്കന്റില്‍ എതിര്‍വല കുലുക്കി. ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരവും അനിരുദ്ധ് സ്വന്തമാക്കി. ഈ സീസണിലെ ഒരു ഇന്ത്യക്കാരന്റെ ആദ്യ ഗോളാമ് അനിരുദ്ധ് നേടിയത്.
26 ാം മിനിറ്റില്‍ ഇസ്മയിലൂടെ ചെന്നൈ ലീഡ് രണ്ടായി ഉയര്‍ത്തി. എന്നാല്‍ 37 ാം മിനിറ്റില്‍ വാല്‍സ്‌കിസ് ജംഷഡ്പുരിനായി ആശ്വാസ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് മത്സരിച്ചത്. 57ാം മിനിട്ടില്‍ ചെന്നൈയിന്‍ വീണ്ടും ഗോള്‍വല ചലിപ്പിച്ചെങ്കിലും ഗോള്‍കീപ്പര്‍ രഹ്നേഷിനെ ഫൗള്‍ ചെയ്തതിലൂടെ ആ ഗോള്‍ അസാധുവായി. 63ാം മിനിട്ടില്‍ മണ്‍റോയുടെ മികച്ച ഫ്രീകിക്കില്‍ നിന്നും എസ്സെയ്ക്ക് നല്ലൊരു ഹെഡ്ഡര്‍ ലഭിച്ചെങ്കിലും അത് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 67ാം മിനിട്ടില്‍ ജാക്കി ചന്ദ് സിങ്ങിനും മികച്ച അവസരം ലഭിച്ചു. 71ാം മിനിട്ടില്‍ ചെന്നൈയുടെ ചങ്തെയുടെ ഷോട്ട് തട്ടിയിട്ട് രഹ്നേഷ് കൈയ്യടിനേടി. ഈ സീസണിലെ ഏറ്റവും മികച്ച കളികളിലൊന്നായിരുന്നു ഇത്.



















