Web Desk
ചെന്നൈ: തമിഴ്‌നാട് പോലീസില്‍ വന്‍ അഴിച്ചു പണിയുമായി സര്‍ക്കാര്‍. ചൊവ്വാഴ്ച രാത്രിയാണ് 39 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റികൊണ്ടുളള ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ എ. കെ വിശ്വനാഥനെ സ്ഥാനത്ത് നിന്ന് മാറ്റുകയും പകരം മഹേഷ് കുമാര്‍ അഗര്‍വാളിനെ ചെന്നൈ സിറ്റി കമ്മീഷണറായി നിയമിക്കുകയും ചെയ്തു. മുന്‍പ് മഹേഷ് കുമാര്‍ അഗര്‍വാള്‍ വഹിച്ചിരുന്ന തസ്തികയിലേക്കാണ് എ. കെ വിശ്വനാഥനെ മാറ്റിയിരിക്കുന്നത്. ചെന്നൈ ഓപ്പറേഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എ.ഡി.ജി.പി)യായി എ. കെ വിശ്വനാഥന്‍ ചുമതലയേക്കും.
1990 ലെ ഐപിഎസ് ബാച്ചിലെ എ. കെ വിശ്വനാഥന്‍ 2017 ലാണ് ചെന്നൈ കമ്മീഷണറായി ചുമതലയേറ്റത്. കോവിഡ്, ലോക്ക്ഡൗണ്‍ എന്നിവയുടെ പ്രാരംഭഘട്ടത്തില്‍ കുടിയേറ്റ തൊഴിലാളി പ്രതിസന്ധി ഘട്ടത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു. കോവിഡിന്റെ വ്യാപനത്തെ തുടര്‍ന്ന് ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനെ സഹായിക്കുന്നതിനായി ഏപ്രിലില്‍ ചെന്നൈയുടെ നോര്‍ത്ത് സോണില്‍ നോഡല്‍ ഓഫീസറായി അദ്ദേഹത്തെ നിയമിച്ചിരുന്നു. കോവിഡ് ഘട്ടത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ഈ സമയത്താണ് എ. കെ വിശ്വനാഥന് സ്ഥാനമാറ്റം. ഏഴു വര്‍ഷത്തോളം ചണ്ഡിഗഡിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
മനോജ് അഗര്‍വാളിന് മെറിറ്റോറിയസ് സേവനത്തിനുള്ള പോലീസ് മെഡലും മികച്ച പൊതുസേവനത്തിനുളള മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുണ്ട്. അതേസമയം ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ മധുര, തിരുപ്പൂര്‍ കമ്മീഷണര്‍മാരായ എസ്. ഡേവിഡ്‌സണ്‍ ദേവസിര്‍വതം, സഞ്ജയ് കുമാര്‍ എന്നിവരടങ്ങുന്ന മറ്റ് ഉദ്യോഗസ്ഥരെയും യഥാക്രമം മാറ്റി. ദേവസിര്‍വതം ചെന്നൈ ടെക്‌നിക്കല്‍ സര്‍വീസസ് എ.ഡി.ജി.പിയായും സഞ്ജയ് കുമാര്‍ ടെക്‌നിക്കല്‍ സര്‍വീസസ് ഐ.ജി.പി യുമായി ചുമതലയേക്കും. പ്രേം ആനന്ദ് സിന്‍ഹയാണ് മധുരയിലെ പുതിയ സിറ്റി കമ്മീഷണര്‍.