കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 65 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് കമ്മീഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്തെ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളും ഈ പട്ടികയിലുണ്ട്. നവംബറിലാകും തെരഞ്ഞെടുപ്പുകള്‍ നടക്കുക. ഇന്ന് ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തിലായിരുന്നു തീരുമാനം.
നവംബര്‍ 29 ന് മുന്‍പ് ബിഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പുകളും നടത്തുമെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. തീയതി പിന്നീട് തീരുമാനിക്കും. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടുന്ന മണ്ഡലങ്ങളുടെ പട്ടിക കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് ഏപ്രില്‍-മെയ് മാസത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേരളത്തില്‍ ഒഴിവുള്ള കുട്ടനാട്, ചവറ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫീസറും സര്‍ക്കാരും നേരത്തെ കത്തുനല്‍കിയിരുന്നത്.
കോവിഡ് രോഗവ്യാപനം, ചില സംസ്ഥാനങ്ങളിലെ പ്രളയ ദുരിതം, പ്രകൃതി ക്ഷോഭം തുടങ്ങിയ സ്ഥിതിഗതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. തെരഞ്ഞെടുപ്പുകളെല്ലാം ഒരുമിച്ച് നടത്തുന്നതിലൂടെ, പൊലീസ് സേനയുടെ വിന്യാസം, ക്രമസമാധാനപാലനം തുടങ്ങിയവ നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കുറയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.












