ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാതിയേറ്ററുകളില്‍ ഇനി മുതല്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദേശത്തിലാണ് നൂറ് ശതമാനം പ്രവേശനാനമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വരുത്തിയ മാറ്റം മള്‍ട്ടിപ്ലക്‌സ് അടക്കം എല്ലാ സിനിമ തിയറ്ററുകള്‍ക്കും ബാധകമാണ്.
അതേസമയം സംസ്ഥാനങ്ങള്‍ക്ക് അവിടുത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ എടുക്കാവുന്നതാണ്. തിയറ്റര്‍ പരിസരത്ത് മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണം, ഹാളിനു പുറത്ത് ശാരീരിക അകലം പാലിക്കണം എന്നിങ്ങനെയാണ് പുതിയ നിര്‍ദേശങ്ങള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യ പ്രകാരം വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.