കെ.അരവിന്ദ്
വരവിനേക്കാള്‍ കൂടുതല്‍ ചെലവാക്കുകയാണ് നമ്മുടെ സര്‍ക്കാരുകള്‍ ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ വരവും ചെലവും തമ്മിലുള്ള അന്തരം നികത്തുന്നത് കടപ്പത്രങ്ങള്‍ വഴി നിക്ഷേപം സമാഹരിക്കുന്നതിലൂടെയാണ്. ഇതില്‍ ട്രഷറി ബില്ലുകളും സര്‍ക്കാര്‍ കടപ്പത്രങ്ങളും ഉള്‍പ്പെടും. ഇവയുടെ പ്രാഥമികമായ ഇഷ്യു നടത്തുമ്പോള്‍ സാധാരണ നിക്ഷേപകര്‍ക്കും നിക്ഷേപം നടത്താന്‍ അവസരമുണ്ട്. എന്നാല്‍ ഇതേ കുറിച്ച് സാധാരണ നിക്ഷേപകര്‍ക്കിടയില്‍ അറിവ് പരിമിതമാണ്.
വരാനിരിക്കുന്ന ഇഷ്യുകളെ കുറിച്ച് റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനം എല്ലാ ആഴ്‌ചയിലുമുണ്ടാകാറുണ്ട്. റിസര്‍വ് ബാങ്ക് നടത്തു ന്ന ബോണ്ട് വില്‍പ്പനയില്‍ ബാങ്കുകളും മറ്റ് നിക്ഷേപ സ്ഥാപനങ്ങളും പങ്കെടുക്കാറുണ്ട്. ലേലം വഴിയാണ് ഈ ബോണ്ടുകള്‍ ഇഷ്യു ചെയ്യുന്നത്.
ഇങ്ങനെ ബോണ്ട് ഇഷ്യു ചെയ്യുമ്പോള്‍ സാധാരണ നിക്ഷേപകര്‍ക്കായി അഞ്ച് ശതമാനം സംവരണം ചെയ്‌തിട്ടുണ്ട്. ഇതിനായി അപേക്ഷിക്കുമ്പോള്‍ നിക്ഷേപിക്കുന്ന തുക മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. സാധാരണ നിക്ഷേപകര്‍ വില രേഖപ്പെടുത്തേണ്ടതില്ല.
ബാങ്കുകള്‍ വഴിയും സ്‌റ്റോക്ക് എക്‌സ് ചേഞ്ച് ട്രേഡിംഗ് അംഗങ്ങളായ സ്ഥാപനങ്ങള്‍ വഴിയും സാധാരണ നിക്ഷേപകര്‍ക്ക് ഈ ലേലത്തില്‍ പങ്കെടുക്കാം. ഒരു കടപ്പത്രത്തില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 10,000 രൂപയും പരമാവധി തുക രണ്ട് കോടി രൂപയുമാണ്.
ഡീമാറ്റ് രൂപത്തില്‍ കടപ്പത്രത്തിന്റെ യൂണിറ്റുകള്‍ കൈവശം വെക്കണമെന്നുള്ളവര്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഗില്‍റ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. ഈ അക്കൗണ്ടുകളിലായിരിക്കും കടപ്പത്രത്തിന്റെ യൂണിറ്റുകള്‍ ക്രെഡിറ്റ് ചെയ്യുന്നത്. ലേലത്തിനു ശേഷം അഞ്ച് ദിവസത്തിനുള്ളില്‍ യൂണിറ്റുകള്‍ നിക്ഷേപകന്റെ അ ക്കൗണ്ടിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്‌തിരിക്കും. കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നത് ബിഎസ്‌ഇ വഴിയോ എന്‍എസ്‌ഇ വഴിയോ ആകാം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ ട്രേഡിംഗ് അംഗങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്കു വേണ്ടി ബിഡ് സ്വീകരിക്കാം. വെബ്‌സൈറ്റ് വഴിയും അല്ലാതെയും അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി സ്‌മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകളുമുണ്ട്.
ലേലത്തിന് മുമ്പ് നിര്‍ദേശിക്കപ്പെട്ട നി ശ്ചിത തീയതിക്കുള്ളില്‍ തങ്ങളുടെ ഓര്‍ഡര്‍ നിക്ഷേപകര്‍ സമര്‍പ്പിച്ചിരിക്കണം. ഓണ്‍ ലൈന്‍ വഴിയല്ലാതെയാണ് ഓര്‍ഡര്‍ സമര്‍പ്പിക്കുന്നതെങ്കില്‍ പണം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ ട്രേഡിംഗ് അംഗങ്ങള്‍ വഴി ഓഹ രി നിക്ഷേപം നടത്തുമ്പോള്‍ പണം നല്‍കുന്നതു പോലെ നല്‍കാം. വെബ്‌സൈറ്റ് വഴി യോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് ഡിമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം ട്രാന്‍സ്‌ഫര്‍ ചെയ്യാം.
ലേലത്തിന്റെ തീയതിക്ക് മുമ്പ് ഓര്‍ഡര്‍ റദ്ദാക്കാന്‍ അവസരമുണ്ട്. ലേലം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കടപ്പത്രങ്ങളുടെ യൂണിറ്റുകള്‍ നിക്ഷേപകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കും. ഇങ്ങനെ അനുവദിക്കപ്പെടുന്ന കടപ്പത്രങ്ങളുടെ യൂണിറ്റുകള്‍ അവ ലിസ്റ്റ് ചെയ്‌തിട്ടുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി വില്‍ക്കാനും അവസരമുണ്ട്. പക്ഷേ ദ്വിതീയ വിപണിയില്‍ വ്യാപാര വ്യാപ്‌തം വളരെ കുറവായിരിക്കും.