കെ.അരവിന്ദ്
മാസശമ്പളക്കാരായ സ്വകാര്യ മേഖലാ ജീവനക്കാരുടെ ഒരു പ്രധാന നിക്ഷേപ മാര്‍ഗമാ ണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപി എഫ്). നിലവില്‍ ഇപിഎഫ് പലിശനിരക്ക് 8.5 ശതമാനമാണ്. ഇത് ചെറുകിട സമ്പാദ്യ പദ്ധതികളുടെയും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെയും പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്നതാണ്.
ജോലിയില്‍ നിന്ന് വിരമിക്കുന്നതു വരെയാണ് ഇപിഎഫിലെ നിക്ഷേപ കാലയളവ്. ഇരുപതിലേറെ ജീവനക്കാരുള്ള കമ്പനികളിലെ 15,000 രൂപ വരെ മാസശമ്പളമുള്ള ജീവനക്കാര്‍ നിര്‍ബന്ധിത ഇപിഎഫ് നിക്ഷേപം നടത്തിയിരിക്കണം. ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്കും ഇപിഎഫ് നിക്ഷേപം സ്വമേധയാ നടത്താവുന്നതാണ്.
ജോലിയില്‍ നിന്ന് വിരമിക്കുന്നതു വരെ നിക്ഷേപം തുടരാന്‍ നിക്ഷേപകന്‍ ബാധ്യസ്ഥനാണ്. ചികിത്സാ ചെലവ്, കുട്ടികളുടെ വിവാഹം, വീട് വെക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പ്രത്യേക സാഹചര്യങ്ങളില്‍ ഒറ്റത്തവണ മാത്രം നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കാറുണ്ട്.
55 വയസിനു ശേഷം സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കാണ് ഇപിഎഫ് നിക്ഷേപം അന്തിമമായി പിന്‍വലിക്കാന്‍ സാധിക്കുക. 54 വയസ് പിന്നിട്ടവര്‍ക്ക് ജീവനക്കാരന്റെയും തൊഴിലുടമയുടെയും കോണ്‍ട്രിബ്യൂഷനും പലിശയും ഉള്‍പ്പെട്ട മൊത്തം പിഎഫ് ബാലന്‍സിന്റെ 90 ശതമാനം വരെ പിന്‍വലിക്കാം. 55 വയസിന് മുമ്പ് ജോലി രാജിവെക്കുന്നവര്‍ക്ക് ഈ ചട്ടം ബാധകമല്ല. ജോലി രാജിവെച്ചതിനുശേഷം തുടര്‍ച്ചയായി 60 ദിവസം തൊഴില്‍ ഇല്ലാതിരിക്കുകയാണെങ്കില്‍ മുഴുവന്‍ ഇപിഎഫ് ബാലന്‍സും പിന്‍വലിക്കാം.
ഇപിഎഫ് നിക്ഷേപം 55 വയസ് കഴിഞ്ഞവര്‍ ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം പിന്‍വലിച്ചിരിക്കണം. നേരത്തെയുള്ള ചട്ടം അനുസരിച്ച് 36 മാസം ഇപിഎഫ് അക്കൗണ്ടില്‍ കോണ്‍ട്രിബ്യൂഷന്‍ ഉണ്ടായിട്ടില്ലെങ്കില്‍ അത് പ്രവര്‍ത്തനക്ഷമമല്ലാത്ത അക്കൗണ്ടുകളുടെ ഗണത്തില്‍ പെടുത്തുമായിരുന്നു. നിലവിലുള്ള ചട്ട പ്രകാരം 55 വയസ് കഴിഞ്ഞാല്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. 55 വയസിന് മുമ്പ് ഇപിഎഫ് അക്കൗണ്ടില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം കോണ്‍ട്രിബ്യൂഷന്‍ ഉണ്ടായില്ലെങ്കിലും അക്കൗണ്ട് പ്രവര്‍ത്തനക്ഷമ മായി തുടരുകയും പലിശ ലഭിക്കുകയും ചെയ്യും.
അതേസമയം 55 വയസ് പിന്നിട്ട ഒരാള്‍ ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷം തുടര്‍ന്ന് 36 മാസം വരെ മാത്രമേ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമായി തുടരുകയുള്ളൂ. 36 മാസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിക്കുന്നില്ലെങ്കില്‍ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമല്ലാതാകും. തുടര്‍ന്ന് അക്കൗണ്ടിലെ നിക്ഷേപത്തിന് പലിശ ലഭിക്കുന്നതല്ല. കോണ്‍ട്രിബ്യൂഷന്‍ നടത്താത്ത 36 മാസ കാലയളവിലെ പലിശക്ക് നികുതി ബാധകമാകുകയും ചെയ്യും. ഇപിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ഈ പലിശക്ക് നികുതി നല്‍കേണ്ടതുണ്ട്.
ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമല്ലാതായി കഴിഞ്ഞാല്‍ അക്കൗണ്ടിലെ നിക്ഷേപം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ക്ഷേമ നിധിയിലേക്ക് കൈമാറ്റം ചെയ്യും. ഏഴ് വര്‍ഷം ഈ തുക മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ക്ഷേമനിധിയില്‍ തുടരും. ഓരോ സാമ്പത്തിക വര്‍ഷവും സെപ്‌റ്റംബര്‍ 30നാണ് ക്ലെയിമില്ലാത്തതും പ്രവര്‍ത്തനക്ഷമമല്ലാതായി കഴിഞ്ഞതുമായ അക്കൗണ്ടുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ക്ഷേമനിധിയിലേക്ക് മാറ്റുന്നത്. 25 വര്‍ഷം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ക്ഷേമനിധിയില്‍ അക്കൗണ്ട് ബാലന്‍സ് തുടരും. 25 വര്‍ഷത്തിനു ശേഷം കേന്ദ്രസര്‍ക്കാരിന് പണം കൈമാറും. 55 വയസില്‍ ജോലിയില്‍ നിന്ന് വിരമിച്ചവര്‍ ഇപിഎഎഫ് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമല്ലാതാകുന്നതുവരെ കാത്തിരിക്കാതെ നിക്ഷേപം പിന്‍വലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.