വ്യാജ മേല്‍വിലാസം നല്‍കി കോവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിനെതിരെ കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോത്തന്‍കോട് പൊലീസ് കേസെടുത്തിരിക്കുന്നത്. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
അഭിജിത്തിന്റെ കോവിഡ് പരിശോധനാ ഫലത്തിന്റെ രേഖകള്‍ പുറത്തായി. ഇതില്‍ അഭി എം.കെ. എന്നു പേര് നല്‍കിയാണ് അഭിജിത്ത് കോവിഡ് ടെസ്റ്റ് നടത്തിയിരിക്കുന്നത്. മേല്‍വിലാസവും ഫോണ്‍ നമ്ബറും വേറെയാണ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് അഭിജിത്തിനു കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. പോത്തന്‍കോട് പഞ്ചായത്തിലെ തച്ചപ്പിള്ളി എല്‍പി സ്‌കൂളില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അഭി എം.കെ. എന്ന പേരില്‍ പരിശോധന നടത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് അധികൃതര്‍ ഈ വ്യക്തിക്കായി അന്വേഷണം നടത്തി. എന്നാല്‍, അന്വേഷണം നടത്തിയപ്പോള്‍ അങ്ങനെ ഒരാള്‍ ഇല്ലെന്നും ഈ പേരില്‍ പരിശോധന നടത്തിയത് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് ആണെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസില്‍ പരാതി നല്‍കിയത്.