കൊല്ലം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ യുവമോര്‍ച്ച നേതാവിനെതിരെ കേസെടുത്തു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാംരാജാണ് മന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും വീടുകയറി ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയത്. ശ്യാംരാജിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കുണ്ടറ പോലീസ് കേസെടുത്തത്.
മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് ഭീഷണി മുഴക്കിയ ശ്യാംരാജ്, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടില്‍ അകാരണമായി പോലീസ് കയറുന്നുവെന്നും തിരിച്ച് അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും പറഞ്ഞു.
പാരിപ്പള്ളിയില്‍ മന്ത്രി കെ.ടി ജലീലിന്റെ കാറിന് കുറുകെ വാഹനം നിര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്.