തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ അതിക്രമിച്ചു കയറിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കം 9 പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണ നിര്‍ദേശം ലംഘിച്ചതിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായതിന് പിന്നാലെ സുരേന്ദ്രനും ബിജെപി പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതാണ് പോലീസ് കേസിലേക്ക് നയിച്ചത്.
അതേസമയം സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസ് തീവെച്ച് നശിപ്പിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നാണ് സുരേന്ദ്രന്റെ ആരോപണം. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള തുടര്‍ച്ചയായ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.











